വാഷിങ്ടൺ: എഴുത്തുകാരിയായ ഇ. ജീൻ കാരോളിനെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന സിവിൽ കേസിൽ വിധി പുനഃപരിശോധിക്കണമെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അപ്പീൽ തള്ളി അമേരിക്കൻ സുപ്രീം കോടതി. ഇതോടെ ട്രംപിന് കേസിൽ ലഭിച്ച അവസാന നിയമപരമായ അവസരവും നഷ്ടമായി. 2023-ൽ ന്യൂയോർക്കിലെ ജൂറിയാണ് 1990-കളിൽ ട്രംപ് കാരോളിനെ ലൈംഗികമായി ആക്രമിച്ചെന്നും പിന്നീട് സോഷ്യൽ മീഡിയയിലൂടെ ആരോപണത്തെ നുണയെന്ന് വിശേഷിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കാരോളിന് 50 ലക്ഷം ഡോളർ (ഏകദേശം 5 മില്യൺ ഡോളർ) നഷ്ടപരിഹാരം നൽകാനും ജൂറി ഉത്തരവിട്ടിരുന്നു.
ഈ ആരോപണങ്ങൾ ട്രംപ് നിഷേധിച്ചിരുന്നു. വിചാരണക്കിടെ ജൂറിയെ സ്വാധീനിക്കുന്ന തരത്തിലുള്ള തെളിവുകൾ ജഡ്ജി തെറ്റായി അനുവദിച്ചുവെന്നും അതിനാൽ പുതിയ വിചാരണ നടത്തണമെന്നും ട്രംപ് വാദിച്ചു. എന്നാൽ ഫെഡറൽ അപ്പീൽ കോടതിയും കഴിഞ്ഞ വർഷം ജൂറിയുടെ വിധി ശരിവച്ച് പുതിയ വിചാരണ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ട്രംപ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കേസ് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് സുപ്രീം കോടതി എടുത്തത്. പതിവുപോലെ, ഈ തീരുമാനത്തിന് കോടതി പ്രത്യേക കാരണവും വിശദീകരിച്ചില്ല. സുപ്രീം കോടതിയുടെ തീരുമാനത്തോടെ ജൂറി വിധിച്ച നഷ്ടപരിഹാരം ട്രംപ് നൽകേണ്ടിവരും.
കാരോളിന്റെ അഭിഭാഷക റോബർട്ട കാപ്ലൻ, സുപ്രീം കോടതി വിധി ജൂറിയുടെ ഏകകണ്ഠമായ കണ്ടെത്തൽ ഒരിക്കൽക്കൂടി ശരിവയ്ക്കുന്നതാണെന്ന് പ്രതികരിച്ചു. “ട്രംപ് ഇ. ജീൻ കാരോളിനെ ലൈംഗികമായി ആക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന ജൂറിയുടെ കണ്ടെത്തൽ അന്തിമമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ആ വിധിക്കെതിരെ അദ്ദേഹം നടത്തിയ എല്ലാ അപ്പീലുകളും പരാജയപ്പെട്ടു. സ്വന്തം പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് ഇന്നത്തെ വിധിയോടെ വിരാമമായി,” എന്ന് അവർ പ്രതികരിച്ചു.
അതേസമയം, ട്രംപിന്റെ നിയമസംഘം ഈ കേസിനെ രാഷ്ട്രീയ വേട്ടയാടലായി വിശേഷിപ്പിച്ചു. ഡെമോക്രാറ്റുകൾ പിന്തുണച്ച “കാരോൾ തട്ടിപ്പുകേസുകൾ” ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രേരിത നീക്കങ്ങൾ അവസാനിപ്പിക്കണമെന്നാണ് അമേരിക്കൻ ജനങ്ങളുടെ ആവശ്യമെന്ന് ട്രംപിന്റെ വക്താവ് പ്രതികരിച്ചു. അപ്പീലിൽ, 2005-ലെ Access Hollywood വീഡിയോ ജൂറിയെ കാണിക്കാൻ അനുവദിക്കരുതായിരുന്നുവെന്നും ട്രംപിന്റെ അഭിഭാഷകർ വാദിച്ചിരുന്നു. സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ ചുംബിക്കുകയും സ്പർശിക്കുകയും ചെയ്തതായി ട്രംപ് ആ വീഡിയോയിൽ പറയുന്ന ദൃശ്യങ്ങളാണ് വിചാരണയിൽ തെളിവായി ഹാജരാക്കിയത്.
ഈ കേസുമായി ബന്ധപ്പെട്ട ജൂറി വിധിയെക്കുറിച്ച് പിന്നീട് ട്രംപ് നടത്തിയ പരാമർശങ്ങൾ കാരോളിനെ വീണ്ടും അപകീർത്തിപ്പെടുത്തിയതായി കണ്ടെത്തിയ മറ്റൊരു ജൂറി, 8.3 കോടി ഡോളർ (83 മില്യൺ ഡോളർ) നഷ്ടപരിഹാരം നൽകാനും ട്രംപിന് ഉത്തരവിട്ടിരുന്നു. ആ വിധിക്കെതിരായ ട്രംപിന്റെ അപ്പീലും നേരത്തെ ഫെഡറൽ കോടതി തള്ളിയിരുന്നു. ന്യൂയോർക്ക് നിയമപ്രകാരം ബലാത്സംഗം നടന്നുവെന്ന കാരോളിന്റെ വാദം ജൂറി അംഗീകരിച്ചില്ലെങ്കിലും, ലൈംഗികാതിക്രമവും അപകീർത്തിപ്പെടുത്തലും നടന്നതായി കണ്ടെത്തിയിരുന്നു. 81-കാരിയായ മുൻ മാഗസിൻ കോളമിസ്റ്റായ ഇ. ജീൻ കാരോൾ, 1990-കളുടെ മധ്യത്തിൽ മാൻഹട്ടനിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ഡ്രസ്സിംഗ് റൂമിൽ ട്രംപ് തന്നെ ലൈംഗികമായി ആക്രമിച്ചുവെന്നാണ് കോടതിയെ അറിയിച്ചത്.
2022-ൽ ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ ഈ ആരോപണം നിഷേധിച്ചതോടെയാണ് അപകീർത്തിക്കേസിനും തുടക്കമായത്. അതേസമയം, കാരോൾ തന്റെ ഇഷ്ടത്തിലുള്ള സ്ത്രീയല്ലയെന്നും അവർ കള്ളം പറയുകയാണെന്നുമാണ് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുന്നത്.
Supreme Court rejects Trump’s appeal of E Jean Carroll’s sexual abuse case













