ഐഎഎസ് ഉദ്യോഗസ്ഥരായ എൻ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്പെൻഷൻ പിൻവലിച്ചു, ഇരുവർക്കും സർവ്വീസിലേക്ക് മടങ്ങിവരവ്

കേരളത്തിലെ പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവരുടെ സസ്പെൻഷൻ സംസ്ഥാന സർക്കാർ പിൻവലിച്ചു. സസ്പെൻഷൻ കാലാവധി നീണ്ടുപോയ പശ്ചാത്തലത്തിലാണ് ഇരു ഉദ്യോഗസ്ഥരെയും സർവ്വീസിലേക്ക് തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചത്. പിണറായി സർക്കാരിന്റെ കാലത്ത് കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വന്ന ഉദ്യോഗസ്ഥരാണ് ഇരുവരും. സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചതോടെ ഇരുവരും ഉടൻ തന്നെ സർവ്വീസിൽ പ്രവേശിച്ച് പുതിയ ചുമതലകൾ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇതിൽ എൻ. പ്രശാന്ത് കഴിഞ്ഞ രണ്ട് വർഷമായി സസ്പെൻഷനിലായിരുന്നു. ചീഫ് സെക്രട്ടറിയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും പരസ്യമായി വിമർശിച്ചതിനും സർക്കാരിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഒൻപതോളം സസ്പെൻഷൻ നടപടികളാണ് പ്രശാന്തിനെതിരെ ഉണ്ടായിരുന്നത്. സിവിൽ സർവീസ് ചട്ടങ്ങളുടെ കടുത്ത ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് അദ്ദേഹത്തിനെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നത്.

മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നരമാസമേ ആകുന്നുള്ളൂ. കഴിഞ്ഞ ഏപ്രിൽ 29-നായിരുന്നു അദ്ദേഹത്തെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. മാധ്യമങ്ങളോട് സംസാരിച്ചതിനും സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമർശിച്ചതിനുമായിരുന്നു അദ്ദേഹത്തിനെതിരെയും ചട്ടലംഘനം ചുമത്തി നടപടിയെടുത്തത്. നീണ്ട നാളത്തെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ രണ്ട് വിവാദ ഉദ്യോഗസ്ഥരെയും ഒരുമിച്ച് തിരിച്ചെടുക്കാനുള്ള സർക്കാരിന്റെ തീരുമാനം ഭരണതലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

Suspension of IAS officers N Prasanth and B Ashok revoked, both to return to service

More Stories from this section

family-dental
witywide