
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കവെ, ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തിയെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഏപ്രിൽ 18-ന് ദൂരദർശനിലൂടെ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ചത് ചട്ടവിരുദ്ധമാണെന്ന് പ്രതാപൻ ചൂണ്ടിക്കാട്ടി.
വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ്, ടി.എം.സി, ഡി.എം.കെ തുടങ്ങിയ പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ സംവിധാനങ്ങളും ജനങ്ങളുടെ നികുതിപ്പണവും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിയമം ഇവിടെ ലംഘിക്കപ്പെട്ടുവെന്ന് ഹർജി വ്യക്തമാക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഹർജിയിൽ, പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു. ജനാധിപത്യം ഉറപ്പുനൽകുന്ന തുല്യ അവസരങ്ങൾ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അഭിഭാഷകരായ സുവിദത്ത് സുന്ദരവും രഖേഷ് ശർമ്മയും മുഖേന സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ദൂരദർശൻ പോലുള്ള സർക്കാർ മാധ്യമങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശം മറികടന്ന ഭരണകൂട നടപടിക്കെതിരെ കോടതി ഇടപെടൽ വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
T N Prathapan moves SC against PM Modi over Doordarshan speech; alleges Model Code of Conduct violation











