
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പദവിയിൽ നിന്ന് പുറത്താക്കാൻ കാരണമായ കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) എന്ന ഓൺലൈൻ മുന്നേറ്റത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ സാമൂഹ്യമാധ്യമ കൂട്ടായ്മ രൂപീകരിച്ചു. ‘ഇ20 ജനതാ പാർട്ടി’ (ഇജെപി) എന്ന പേരിൽ എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തനം ആരംഭിച്ച ഈ കൂട്ടായ്മയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണയാണ് ലഭിക്കുന്നത്. എഥനോൾ കലർത്താത്ത 100 ശതമാനം ശുദ്ധമായ പെട്രോൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് പുതിയ ഡിജിറ്റൽ മുന്നേറ്റം ശക്തമാകുന്നത്.
വാഹന ഉടമകൾക്ക് തങ്ങളുടെ ഇന്ധന ടാങ്കിലേക്ക് ഏത് തരം പെട്രോൾ ഒഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടായിരിക്കണമെന്നാണ് ഇജെപിയുടെ പ്രധാന നിലപാട്. ‘ഒരേയൊരു ആവശ്യം, ഒരേയൊരു ദൗത്യം. നിർബന്ധിത എഥനോൾ മിശ്രിതമില്ലാതെ യഥാർത്ഥ പെട്രോൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക’ എന്നാണ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ഇവർ വ്യക്തമാക്കുന്നത്. ഇ20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം എൻജിനുണ്ടാകുന്ന തകരാറുകളും മൈലേജ് കുറയുന്നതും സംബന്ധിച്ചുള്ള വാർത്തകളും പ്രതിഷേധങ്ങളുമാണ് ഇവരുടെ അക്കൗണ്ടുകളിൽ പ്രധാനമായും പങ്കുവെക്കുന്നത്.
എഥനോൾ നയങ്ങളെ മുൻനിർത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഈ കൂട്ടായ്മ ഉയർത്തുന്നത്. “ധർമേന്ദ്ര പ്രധാൻ രാജിവെച്ചു, അടുത്തത് എഥനോൾ ഗഡ്കരിയാണോ” എന്ന തരത്തിലുള്ള പോസ്റ്റുകൾ ഇതിനകം വൈറലായിക്കഴിഞ്ഞു. എന്നാൽ, ഇതൊരു രാഷ്ട്രീയ പാർട്ടിയോ മുന്നേറ്റമോ അല്ലെന്നും മറിച്ച് ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സാധാരണക്കാരായ ജനങ്ങളുടെ കൂട്ടായ്മയാണെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു.
എഥനോൾ കലർത്തിയ പെട്രോൾ വിപണിയിൽ നിന്ന് പൂർണ്ണമായി പിൻവലിക്കാൻ തങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും, പകരം പമ്പുകളിൽ 100 ശതമാനം ശുദ്ധമായ പെട്രോൾ കൂടി ലഭ്യമാക്കണമെന്നുമാണ് ഇജെപിയുടെ ആവശ്യം. ഇതിനുപുറമെ, ഇന്ധനങ്ങളിൽ കൃത്യമായ ലേബലിങ് ഉറപ്പാക്കുക, വ്യത്യസ്ത ഇന്ധന മിശ്രിതങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സുതാര്യമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുക, എൻജിന്റെ പ്രകടനത്തെക്കുറിച്ചും പരിപാലന ചെലവുകളെക്കുറിച്ചും സ്വതന്ത്ര ഏജൻസികളുടെ പഠന റിപ്പോർട്ട് പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങളും ഇവർ മുന്നോട്ടുവെക്കുന്നു.
Online Campaign E20 Janata Party Demands 100 Percent Pure Petrol Following CJP Triumph















