കുൽഗാമിൽ ഭീകരാക്രമണം; ഛത്തീസ്‌ഗഢ് സ്വദേശികളായ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇഷ്‌ടികച്ചൂളയിലുണ്ടായ ഭീകരാക്രമണത്തിൽ ഛത്തീസ്ഗഢ് സ്വദേശികളായ ദീപക്, ഭൂപീന്ദർ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.

സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ട ദീപക്കിൻ്റെ മൃതദേഹം പിന്നീട് നടപടികൾക്കായി മാറ്റി. ഗുരുതരമായി പരിക്കേറ്റ ഭൂപീന്ദറിനെ ആദ്യം പ്രദേശത്തെ ആശുപത്രിയിലും പിന്നീട് അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കും (ജി.എം.സി.) മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുൽഗാമിലെ കെല്ലം പ്രദേശത്തെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ഇന്ത്യാ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ആക്രമണവിവരമറിഞ്ഞ് സുരക്ഷാസേന ഉടൻതന്നെ സ്ഥലത്തെത്തുകയും പ്രദേശം വളഞ്ഞ് ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. എന്നാൽ ആക്രമണത്തിന് ശേഷം ഭീകരർ രക്ഷപെട്ടിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെ അനന്ത്നാഗ് നഗരത്തിൽ ഭീകരർ വെടിവെച്ചുകൊന്ന് പത്തു ദിവസത്തിനകമാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

Terrorist attack in Kulgam; two workers from Chhattisgarh killed.

More Stories from this section

family-dental
witywide