ബമാകോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ വിവിധയിടങ്ങളിൽ ഭീകരാക്രമണം. മാലിയുടെ തലസ്ഥാനമായ ബമാകോയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സൈനിക കേന്ദ്രങ്ങൾക്കെതിരെയുമാണ് ഭീകരാക്രമണം ഉണ്ടായത്. കാറ്റി വിമാനത്താവളത്തിന് സമീപം ഇന്ന് പുലർച്ചെയാണ് വെടിവെയ്പ്പും സ്ഫോടനവും റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിൻ്റെ സുരക്ഷാ ചുമതലയുള്ള സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ആക്രമണത്തെ തുടർന്ന് രാജ്യം കനത്ത ജാഗ്രതയിലാണ്. ആക്രമണത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളം താൽക്കാലികമായി അടച്ചു. വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. തലസ്ഥാനത്തിന് പുറമെ മധ്യ മാലിയിലെ സെവരെ, വടക്കൻ നഗരങ്ങളായ ഗാവോ, കിഡാൽ എന്നിവിടങ്ങളിലും സമാനമായ ആക്രമണങ്ങൾ നടന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
തന്ത്രപ്രധാനമായ ചില സ്ഥലങ്ങളിൽ അജ്ഞാതരായ ഭീകരർ ആക്രമണം നടത്തിയതായി മാലിയൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. അക്രമകാരികളെ ഇല്ലാതാക്കാൻ സൈന്യം തിരിച്ചടികൾ തുടരുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Terrorist attacks in various places in Mali; military camp also attacked, airport temporarily closed













