വിമാനം നീങ്ങുമ്പോൾ എഴുന്നേറ്റ് നിന്ന് യാത്രക്കാർ; എയർ ഇന്ത്യ എക്സ്പ്രസിനെതിരെ വിമർശനവുമായി യാത്രക്കാരൻ്റെ വിഡിയോ

ന്യൂഡൽഹി: റൺവേയിലൂടെ വിമാനം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ യാത്രക്കാർ എഴുന്നേറ്റ് നിൽക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്പ്രസിനെതിരെ രൂക്ഷവിമർശനവുമായി യാത്രക്കാരൻ. അമിതാവ് ദാസ് എന്ന യാത്രക്കാരനാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 1236 വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചത്.

“യാത്രക്കാർ നിൽക്കുകയാണ്, പക്ഷേ വിമാനം നീങ്ങുന്നുണ്ട്. ഇതാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ അവസ്ഥ. നിങ്ങൾക്ക് കാണാം,”– വിഡിയോയിൽ അമിതാവ് പറയുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം ടർമിനലിലേക്ക് നീങ്ങുന്ന സമയത്താണ് സുരക്ഷാ നിർദേശങ്ങൾ പൂർണ്ണമായി ലംഘിച്ചുകൊണ്ട് നിരവധി യാത്രക്കാർ സീറ്റ് ബെൽറ്റ് അഴിച്ചുമാറ്റി എഴുന്നേറ്റ് നിന്നത്. വിമാനത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെയും ക്യാബിൻ ക്രൂവിന്റെ നിയന്ത്രണത്തെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു അമിതാവിന്റെ വിഡിയോ.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതിന് പിന്നാലെ ഔദ്യോഗിക പ്രതികരണവുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്തെത്തി. വിമാനത്തിലുണ്ടായ സാഹചര്യം മൂലം യാത്രക്കാർക്കുണ്ടായ ആശങ്കയിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും, എല്ലാ പ്രവർത്തനങ്ങളും കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് നടത്തുന്നതെന്നും അവർ വ്യക്തമാക്കി. വിമാനത്തിനുള്ളിലെ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ തങ്ങളുടെ ക്യാബിൻ ക്രൂവിന് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു.

വിമാനം പൂർണ്ണമായും നിശ്ചലമാകുന്നതുവരെ യാത്രക്കാർ സീറ്റുകളിൽ തന്നെ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വഴിവെച്ചിരിക്കുന്നത്.

Passengers stood up while the aircraft was moving; passenger’s video criticizes Air India Express.

More Stories from this section

family-dental
witywide