
ന്യൂഡൽഹി: രാജ്യം ഇന്ന് ചരിത്രപരമായ എൺപതാം സ്വാതന്ത്ര്യദിനത്തിൻ്റെ അലയൊലികളിലും ആവേശത്തിലുമാണ്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടി 79 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയ രാജ്യം, വൻ ജനപങ്കാളിത്തത്തോടെയാണ് അമൃത് കാലത്തെ ഈ സുദിനം വരവേറ്റത്. അല്പ സമയത്തിനകം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.
ദേശീയഗീതമായ വന്ദേമാതരത്തിൻ്റെ 150-ാം വാർഷികത്തിൻ്റെ പശ്ചാത്തലത്തിൽ, ചെങ്കോട്ടയിലെ ഔദ്യോഗിക ചടങ്ങുകളിൽ ഇതാദ്യമായി വന്ദേമാതരം ആലപിക്കപ്പെടും എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വീകരിക്കും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തും. തുടർന്ന് വ്യോമസേന ഹെലികോപ്റ്ററുകളിലെ പുഷ്പവൃഷ്ടിക്കുശേഷം എൻസിസി കേഡറ്റുകൾ വന്ദേമാതരവും തുടർന്ന് ദേശീയഗാനവും ആലപിക്കും. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ അയ്യായിരത്തോളം പ്രത്യേക അതിഥികൾ പങ്കെടുക്കുമെന്നാണ് വിവരം. രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യ ദിന ആശംസ അറിയിക്കുന്നതായി പ്രധാനമന്ത്രി എക്സിൽ അറിയിച്ചു. കൊളോണിയൽ ഭരണം അവസാനിപ്പിക്കാൻ എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെ ധൈര്യത്തെയും ത്യാഗത്തെയും അചഞ്ചലമായ അർപ്പണബോധത്തെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.
കേരളത്തിൽ പ്രൗഢഗംഭീരമായ ആഘോഷങ്ങൾ
ഡൽഹിയിലെ പ്രധാന ചടങ്ങുകൾക്കൊപ്പം കേരളത്തിലും അതീവ പ്രൗഢിയോടെയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും.
തുടർന്ന് ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടിയുണ്ടാകും. വിവിധ സേനാവിഭാഗങ്ങള്‍, അശ്വാരൂഢസേന, എൻ.സി.സി., സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്‌റ്‌സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യും. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍, ഫയർ സർവീസ് മെഡലുകള്‍, കറക്ഷണല്‍ സർവീസ് മെഡലുകള്‍, ജീവൻരക്ഷാ പതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും എൻ.സി.സി. കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനങ്ങളും ഉണ്ടായിരിക്കും.
മന്ത്രിമാരായ ഷിബു ബേബി ജോണ്‍ കൊല്ലത്തും പി.സി. വിഷ്ണുനാഥ് പത്തനംതിട്ടയിലും എം. ലിജു ആലപ്പുഴയിലും മോൻസ് ജോസഫ് കോട്ടയത്തും അനൂപ് ജേക്കബ് ഇടുക്കിയിലും റോജി എം. ജോണ്‍ എറണാകുളത്തും ഒ. ജെ. ജനീഷ് തൃശൂരിലും എൻ. ഷംസുദ്ദീൻ പാലക്കാടും പി. കെ. ബഷീർ മലപ്പുറത്തും എ. പി. അനില്‍കുമാർ കോഴിക്കോട്ടും ടി. സിദ്ദിഖ് വയനാട്ടിലും സണ്ണി ജോസഫ് കണ്ണൂരും കെ. എം. ഷാജി കാസറഗോഡും നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. ഒരു ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം എല്ലാ സ്കൂളുകളിലും രാവിലെ 9 മണിയോടെ പതാക ഉയർത്തലും കുട്ടികളുടെ ദേശഭക്തിഗാനാലാപനങ്ങളും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും നടക്കും.
The country is celebrating its 80th Independence Day, the Prime Minister will address the nation shortly















