
മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ രണ്ട് വീടുകളിലും വനമേഖലയിലുമായി നടന്ന തുടർച്ചയായ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ പ്രതിയേയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിനാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. ഷിക്കാഗോ സ്വദേശിയായ ചാഡ് ഹിക്ക്മാൻ (39) എന്നയാളാണ് കൊലപാതകങ്ങൾക്ക് ശേഷം ജീവനൊടുക്കിയത്.
ഡെട്രോയിറ്റിൽ നിന്നും 169 മൈൽ വടക്കുപടിഞ്ഞാറുള്ള മിസൗക്കി കൗണ്ടിയിലെ ഒരു വീട്ടിൽ വെടിവയ്പ്പ് നടന്നതായുള്ള സന്ദേശത്തെ തുടർന്നാണ് മിഷിഗൺ സ്റ്റേറ്റ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. ഇവിടെ മൂന്ന് പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. പരിക്കേറ്റയാളെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് എത്തുന്നതിന് തൊട്ടുമുൻപ് പ്രതി ചാഡ് ഹിക്ക്മാൻ കാറിൽ രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തുന്നതിനിടെയാണ് സമീപത്തെ മറ്റൊരു വീട്ടിൽ നാലാമത്തെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയുടെ വാഹന കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം വിറ്റ്‌ലോക്ക് തടാകത്തിന് സമീപമുള്ള കാട്ടിലേക്ക് നീണ്ടു. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്രതിയുടെ വാഹനം കണ്ടെത്തുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെയും ഒപ്പം മറ്റൊരാളുടെയും മൃതദേഹങ്ങൾ വനത്തിനുള്ളിൽ കണ്ടെത്തുകയുമായിരുന്നു.
ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും കൊല്ലപ്പെട്ടവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും മിഷിഗൺ സ്റ്റേറ്റ് പൊലീസ് ലെഫ്റ്റനൻ്റ് ആഷ്‌ലി മില്ലർ അറിയിച്ചു. പ്രദേശം ഇപ്പോൾ പൂർണ്ണമായും പൊലീസിൻ്റെ നിയന്ത്രണത്തിലാണ്. പൊതുജനങ്ങൾ ഈ ഭാഗത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചതിന് ശേഷമേ ഇവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
Another shooting shakes America: A young man killed five people and took his own life; bodies were found in the woods and in houses















