
ഫീനിക്‌സ്: അമേരിക്കയിലെ ഫീനിക്‌സ് വിമാനത്താവളത്തിന് സമീപം രണ്ട് യാത്രാവിമാനങ്ങൾ ഒരേ ഫ്ലൈറ്റ് നമ്പറിൽ സർവീസ് നടത്തിയത് വൻ ദുരന്തഭീതി പരത്തി. എയർ ട്രാഫിക് കൺട്രോളറുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസിൻ്റെ രണ്ട് ജെറ്റ് വിമാനങ്ങളാണ് ആകാശത്ത് കൂട്ടിയിടിക്കുന്നതിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഒരു വിമാനം വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാൻ വരികയും, അതേ സമയം തന്നെ രണ്ടാമത്തെ വിമാനം അവിടെനിന്ന് പറന്നുയരുകയും ചെയ്യുമ്പോഴായിരുന്നു സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് വ്യോമയാന ചരിത്രത്തിൽ അപൂർവമായ ഈ സംഭവം നടന്നത്. ഷിക്കാഗോയിൽ നിന്ന് ഫീനിക്സിലേക്ക് വരികയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനവും, ഫീനിക്‌സിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുത്ത വിമാനവും ‘അമേരിക്കൻ 2482’ എന്ന ഒരേ നമ്പറിലാണ് സർവീസ് നടത്തിയത്. വിമാനങ്ങളുടെ യാത്രാപാതകൾ പരസ്പരം കൂടിച്ചേരുന്ന രീതിയിലായിരുന്നതിനാൽ പൈലറ്റുമാർക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് ഇത് കാരണമായി.
എന്നാൽ, പന്തികേട് മണത്ത എയർ ട്രാഫിക് കൺട്രോളർ ഉടനടി ഇടപെട്ടു. ആശയക്കുഴപ്പം ഒഴിവാക്കാൻ അദ്ദേഹം വിമാനങ്ങളെ “അമേരിക്കൻ 2482 അറൈവൽ” (വരുന്ന വിമാനം), “അമേരിക്കൻ 2482 ഡിപ്പാർച്ചർ” (പോകുന്ന വിമാനം) എന്നിങ്ങനെ വേർതിരിച്ച് റേഡിയോയിലൂടെ നിർദ്ദേശങ്ങൾ നൽകാൻ ആരംഭിച്ചു. വരുന്ന വിമാനത്തെ ഉയർന്ന അൾട്ടിറ്റ്യൂഡിലും, പോകുന്ന വിമാനത്തോട് കൂടുതൽ ഉയരത്തിലേക്ക് പറക്കരുതെന്നും കൺട്രോളർ കർശന നിർദ്ദേശം നൽകി. ഇതോടെ ഇരു വിമാനങ്ങളും തമ്മിൽ സുരക്ഷിതമായ ലംബമായ അകലം പാലിക്കാൻ സാധിച്ചു. മൈലുകൾ അകലെയായിരിക്കുമ്പോൾ തന്നെ ഇരു പൈലറ്റുമാർക്കും പരസ്പരം വിമാനങ്ങൾ കാണാൻ സാധിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
വിമാനങ്ങൾ സുരക്ഷിതമായി കടന്നുപോയതിന് ശേഷം വരുന്ന വിമാനത്തിൻ്റെ പൈലറ്റ് കൺട്രോളറുടെ മികവിനെ അഭിനന്ദിച്ചു. തൻ്റെ 25 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഒരേ കോൾ സൈനിൽ രണ്ട് വിമാനങ്ങൾ ഒരേ വ്യോമപരിധിയിൽ ഇത്തരത്തിൽ വരുന്നത് ആദ്യമായാണ് കാണുന്നതെന്ന് കൺട്രോളർ പിന്നീട് വ്യക്തമാക്കി.
Imagine being an air traffic controller and suddenly having TWO aircraft responding to the same callsign.
— Turbine Traveller (@Turbinetraveler) August 14, 2026
That is exactly what happened in Phoenix late Thursday night.
American Airlines had two Boeing 737-800s operating as AA2482 — one arriving from Chicago (ORD), while another… pic.twitter.com/DlpZaUBD4p
എയർലൈൻ്റെ ഡിസ്‌പാച്ച് വിഭാഗത്തിന് സംഭവിച്ച അത്യപൂർവ്വമായ പിഴവാണ് അപകടസാഹചര്യത്തിലേക്ക് നയിച്ചതെന്ന് വ്യോമയാന സുരക്ഷാ വിദഗ്ദ്ധൻ സ്റ്റീവ് അരോയോ പറഞ്ഞു. സാധാരണയായി ഡിസ്പാച്ചറും പൈലറ്റുമാരും ഫ്ലൈറ്റ് പ്ലാനുകൾ സൂക്ഷ്മമായി പരിശോധിക്കാറുള്ളതിനാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറില്ല.
ഷിക്കാഗോയിൽ നിന്ന് ഫീനിക്സിലേക്ക് വരികയായിരുന്ന ഫ്ലൈറ്റ് 2482 മോശം കാലാവസ്ഥയെ തുടർന്ന് വൈകുകയായിരുന്നു. എന്നാൽ ഫീനിക്സിൽ നിന്നുള്ള മടക്ക സർവീസ് കൃത്യസമയത്ത് നടത്താനായി അമേരിക്കൻ എയർലൈൻസ് മറ്റൊരു വിമാനം ഇതേ നമ്പറിൽ ഏർപ്പാടാക്കി. ആദ്യത്തെ വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് തന്നെ രണ്ടാമത്തെ വിമാനം ഇതേ നമ്പറിൽ പുറപ്പെട്ടതാണ് രണ്ട് വിമാനങ്ങൾക്കും ഒരേ സമയം ഒരേ വ്യോമപരിധി പങ്കിടേണ്ടി വന്ന സാഹചര്യമുണ്ടാക്കിയത്.
Two planes with the same number in the sky; Air traffic controller’s timely intervention; A major plane crash in the United States was averted















