
ഷിക്കാഗോ: പ്രവാസ ലോകം കാത്തിരുന്ന വടംവലിയുടെ ലോകകപ്പ്, ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റിന് ബെൻസൺവില്ലിലെ എനർജി സ്‌പോർട്‌സ് കോംപ്ലക്‌സിൽ ആവേശകരമായ തുടക്കം. പാലക്കാട് എം.പി വി. കെ. ശ്രീകണ്ഠൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ, കരുത്തിന്റെ കനൽപൂരത്തിനാണ് ഇപ്പോൾ ഇൻഡോർ കോർട്ട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരായ 16 ടീമുകളാണ് കോർട്ടിൽ മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ പ്രിലിമിനറി മത്സരങ്ങൾ ആരംഭിച്ചതോടെ സ്റ്റേഡിയം ആർപ്പുവിളികളാൽ മുഖരിതമായിരിക്കുകയാണ്. വടംവലി ലോകത്തെ വമ്പന്മാരായ കാനഡ ഗ്ലാഡിയേറ്റേഴ്സ് , ന്യൂ സ്റ്റാർ ടെക്സസ് തുടങ്ങിയ ടീമുകൾ ആദ്യ റൗണ്ടുകളിൽ തന്നെ നേർക്കുനേർ ഏറ്റുമുട്ടിക്കഴിഞ്ഞു. പൂൾ മത്സരങ്ങൾ ആവേശകരമായി മുന്നേറുകയാണ്.
ഒരു ഇഞ്ച് മണ്ണ് പോലും വിട്ടുകൊടുക്കാതെ, കായികക്ഷമതയുടെയും കളിതന്ത്രങ്ങളുടെയും പരമാവധി പുറത്തെടുത്താണ് ഏഴംഗ സംഘങ്ങൾ കയറിൽ പിടിമുറുക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന പ്രമുഖരായ 16 ടീമുകളെ നാല് പൂളുകളായി തിരിച്ചാണ് ആദ്യ ഘട്ട മത്സരങ്ങൾ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഓരോ ടീമും തങ്ങളുടെ പൂളിലെ മറ്റ് മൂന്ന് ടീമുകളുമായി ഏറ്റുമുട്ടണം. പൂൾ മത്സരങ്ങളിൽ നിന്ന് മുന്നേറുന്ന മികച്ച ടീമുകൾ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ ഘട്ടങ്ങളിലേക്ക് കടക്കും.
കളിക്കാർക്ക് പരിക്കേൽക്കാതിരിക്കാൻ വിപുലമായ പ്രൊഫഷണൽ ഫസ്റ്റ് എയ്ഡ് മെഡിക്കൽ ടീമും, സ്കോറുകളും മത്സരങ്ങളും വ്യക്തമായി കാണാൻ അത്യാധുനിക ഡിജിറ്റൽ ഓഡിയോ-വിഷ്വൽ ഡിസ്‌പ്ലേ സംവിധാനങ്ങളും ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. 11,111 യു.എസ് ഡോളറിന്റെ (ഏകദേശം 9.3 ലക്ഷം ഇന്ത്യൻ രൂപ) റെക്കോർഡ് സമ്മാനത്തുക ആര് സ്വന്തമാക്കുമെന്ന ഉദ്വേഗത്തിലാണ് കായികപ്രേമികൾ.
വടംവലി മത്സരങ്ങൾക്ക് പുറമെ കാണികൾക്കായി വിഭവസമൃദ്ധമായ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവലും, വൈകുന്നേരം ജനപ്രിയ കലാകാരന്മാർ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നേതൃത്വത്തിൽ KV TV-യിലൂടെ ലോകമെമ്പാടുമുള്ള വടംവലി ആരാധകർക്കായി മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
വിജയിയെ കാത്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുക
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാന ജേതാക്കൾക്ക് 11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി 5,555 ഡോളറും ജോയി മുണ്ടപ്ലാക്കിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനമായി 3,333 ഡോളറും ചാക്കോ ആൻഡ് മറിയം കിഴക്കേക്കുറ്റ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ( എലൈറ്റ് ഗെയിമിങ്, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ടോണി കിഴക്കേക്കുറ്റ് എന്നിവരാണ് സ്ഫോൺസർമാർ), നാലാം സമ്മാനമായി 1,111 ഡോളറും ചിക്കാഗോ മംഗല്യ ജ്വല്ലറി ട്രോഫിയും നൽകും. 5,6,7,8 സ്ഥാനങ്ങളിലുള്ളവർക്ക് 500 ഡോളർ സമ്മാനമായി നൽകും. ഇതിനു പുറമെ 5 മുതൽ പത്തുവരെ സ്ഥാനക്കാർക്കായും ഓരോ പൊസിഷനിലെയും മികച്ച വലിക്കാർക്കും , മികച്ച കോച്ചിനും സമ്മാനങ്ങൾ നൽകപ്പെടും. ഇരുപത്തി അയ്യായിരത്തിലധികം അമേരിക്കൻ ഡോളറാണ് ഷിക്കാഗോ അന്താരാഷ്‌ട്ര വടംവലിയുടെ ഭാഗമായി സമ്മാനമായി നല്കപ്പെടുക.
the first pool matches of the Chicago International Tug of War are underway















