
മാഡ്രിഡ്: ഹന്താവൈറസ് പടർന്നുപിടിച്ച ‘എംവി ഹോണ്ടിയസ്’ എന്ന അത്യാധുനിക എക്സ്പെഡിഷൻ ക്രൂസ് കപ്പലിലെ മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ചു. ഈ മാരകമായ രോഗബാധയുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി അധികൃതർ സ്ഥിരീകരിച്ചു. നാല് ഓസ്‌ട്രേലിയക്കാർ, ഒരു ബ്രിട്ടീഷുകാരൻ, ഒരു ന്യൂസിലൻഡ് സ്വദേശി എന്നിങ്ങനെ അവസാന ആറ് യാത്രക്കാരും ഏതാനും ജീവനക്കാരും കപ്പലിൽ നിന്ന് ഇറങ്ങിയതോടെ ‘എംവി ഹോണ്ടിയസ്’ തിങ്കളാഴ്ച നെതർലൻഡ്‌സിലേക്ക് തിരിച്ചു.
കപ്പലിൽ യാത്ര ചെയ്ത മൂന്ന് പേർ ഇതിനകം മരിച്ചു, ഇതിൽ രണ്ട് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ഒരു അമേരിക്കക്കാരനും ഫ്രഞ്ച് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഈ കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേർക്ക് ഹന്താവൈറസ് സ്ഥിരീകരിക്കുകയും രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ സംശയിക്കുകയും ചെയ്യുന്നുണ്ട്.
കപ്പലിൽ നിന്ന് ഒഴിപ്പിച്ച് മാഡ്രിഡിൽ ക്വാറന്റൈനിൽ കഴിയുന്ന ഒരു സ്പെയിൻ സ്വദേശിക്കും രോഗം ബാധിച്ചതായി സ്പെയിൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ചത്തെ വിമാനത്തിൽ മടങ്ങിയ രണ്ടാമതൊരു അമേരിക്കക്കാരനും നേരിയ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് യുഎസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പാരീസിൽ നിരീക്ഷണത്തിൽ കഴിയുന്ന ഒരു സ്ത്രീയുടെ ആരോഗ്യനില വഷളായതായി ഫ്രഞ്ച് ആരോഗ്യ മന്ത്രി സ്റ്റെഫാനി റിസ്റ്റ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച രണ്ട് ബ്രിട്ടീഷുകാർ നിലവിൽ നെതർലൻഡ്‌സിലും ദക്ഷിണാഫ്രിക്കയിലുമായി ചികിത്സയിലാണ്.
സാധാരണയായി എലികളിലൂടെയാണ് ഹന്താവൈറസ് പകരുന്നത്. എന്നാൽ തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ‘ആൻഡീസ് സ്‌ട്രെയിൻ’ വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പനി, കഠിനമായ ക്ഷീണം, പേശി വേദന, വയറുവേദന, ഛർദ്ദി, വയറിളക്കം, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഇതൊരു വലിയ പകർച്ചവ്യാധിയാകാൻ സാധ്യത വളരെ കുറവാണെന്ന് അധികൃതർ പറയുന്നു. നിലവിൽ 25 ജീവനക്കാരും രണ്ട് മെഡിക്കൽ സ്റ്റാഫും ഉൾപ്പെടെ 27 പേർ കപ്പലിലുണ്ട്.
ഫിലിപ്പീൻസ്, നെതർലൻഡ്‌സ്, യുക്രെയ്ൻ, റഷ്യ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. കപ്പലിൽ നിന്ന് ഇറങ്ങിയവർക്ക് 42 ദിവസത്തെ ഐസൊലേഷൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ കോവിഡ് പോലെ കാണേണ്ടതില്ലെന്നും മനുഷ്യരിലേക്ക് പകരുന്നത് അപൂർവമാണെന്നും യുഎസ് സിഡിസി അറിയിച്ചു.
അതേസമയം, ഹന്താവൈറസ് ബാധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ക്രൂയിസ് കപ്പലിൽ നിന്ന് ഒഴിപ്പിച്ച 18 അമേരിക്കൻ പൗരന്മാരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. എന്നാൽ പൊതുജനങ്ങൾക്ക് നിലവിൽ അപകടസാധ്യത വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി. ഒരു യാത്രക്കാരന് അപൂർവ ഇനത്തിൽപ്പെട്ട ‘ആൻഡീസ് വൈറസ്’ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരാൾക്ക് നേരിയ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. അമേരിക്കൻ യാത്രക്കാരന് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇവരിൽ രണ്ട് പേരെ അറ്റ്ലാൻ്റയിലും 16 പേരെ നെബ്രാസ്കയിലെ ദേശീയ ക്വാറന്റൈൻ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ ഏക ദേശീയ ക്വാറന്റൈൻ യൂണിറ്റാണിത്. “പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഒരാളും ഇവിടെ നിന്നും പുറത്തിറങ്ങില്ല,” എന്ന് നെബ്രാസ്ക ഗവർണർ ജിം പില്ലൻ തിങ്കളാഴ്ച രാവിലെ നടന്ന വാർത്താ സമ്മേളനത്തിൽ ഉറപ്പുനൽകി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാളെയും പങ്കാളിയെയുമാണ് അറ്റ്ലാന്റയിലേക്ക് മാറ്റിയത്.”ഹന്താവൈറസ് പൊതുജനങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണ്. ആൻഡീസ് വകഭേദം അത്ര പെട്ടെന്ന് പടരുന്ന ഒന്നല്ല. രോഗലക്ഷണമുള്ള ഒരാളുമായി ദീർഘനേരം അടുത്ത സമ്പർക്കം പുലർത്തിയാൽ മാത്രമേ ഇത് പകരുകയുള്ളൂ,” എന്ന് യുഎസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ അഡ്മിറൽ ബ്രയാൻ ക്രിസ്റ്റീൻ വ്യക്തമാക്കി.
The last passengers have left the hantavirus-hit cruise ship, as authorities confirmed three new positive cases














