കോംഗോയിൽ എബോള വ്യാപനം രൂക്ഷം; രോഗബാധിതർ 3,000ത്തിലേക്ക്, ചികിത്സാ കേന്ദ്രത്തിൽ ആരോഗ്യപ്രവർത്തകരുടെ സമരം

ബുനിയ: കോംഗോയിൽ എബോള വൈറസ് വ്യാപനം അതിവേഗം തുടരുന്നതിനിടെ, ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കിഴക്കൻ കോംഗോയിലെ ആരോഗ്യപ്രവർത്തകർ സമരത്തിലിറങ്ങി. ഇതോടെ രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ബുനിയയിലെ എബോള ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം താറുമാറായി.

സർക്കാർ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് സ്ഥിരീകരിച്ച എബോള കേസുകൾ 2,973 ആയി ഉയർന്നു. ഇതിൽ 1,309 പേർ മരണമടഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വ്യാപിക്കുന്ന എബോള പകർച്ചവ്യാധിയാണിതെന്ന് അധികൃതർ അറിയിച്ചു. ഇതുരി പ്രവിശ്യയിലെ എലിക്യ എബോള ചികിത്സാ കേന്ദ്രത്തിൽ ഡോക്ടർമാർ, നഴ്സുമാർ, സുരക്ഷാ ജീവനക്കാർ എന്നിവരുൾപ്പെടെ ആരോഗ്യപ്രവർത്തകർ ജോലിയിൽ നിന്ന് വിട്ടുനിന്നതോടെ ചികിത്സാ സേവനങ്ങൾ കാര്യമായി തടസപ്പെട്ടു. ഏകദേശം 100 ജീവനക്കാർ ചികിത്സാ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധം നടത്തി.

രണ്ട് മാസമായി പ്രകടനാടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്നും കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. കുടിശ്ശിക തീർക്കുന്നതുവരെ സമരം തുടരുമെന്ന് ജീവനക്കാർ അറിയിച്ചു. കഴിഞ്ഞ ആഴ്ച മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയായ ബുനിയ ജനറൽ ആശുപത്രിയിലെയും ആരോഗ്യപ്രവർത്തകർ ശമ്പളക്കുടിശ്ശികയെ തുടർന്ന് സമരത്തിലിറങ്ങിയിരുന്നു. രോഗവ്യാപനം ആരംഭിച്ചതുമുതൽ ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ചിലർ ആരോപിച്ചു.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം, രോഗവ്യാപനം ആരംഭിച്ചതിനുശേഷം 100-ലധികം ആരോഗ്യപ്രവർത്തകർക്ക് എബോള സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് 15 മുതൽ അപൂർവമായ ബുണ്ടിബുഗ്യോ വൈറസ് ഽ എബോള പകർച്ചവ്യാധിയെയാണ് കോംഗോ നേരിടുന്നത്. നിലവിൽ 766 പേർ ചികിത്സയിലോ ഐസൊലേഷനിലോ കഴിയുമ്പോൾ 540 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

സ്ഥിരീകരിച്ച കേസുകളിൽ ഏകദേശം 90 ശതമാനവും ഇതുരി പ്രവിശ്യയിലാണ്. രോഗവ്യാപനത്തിന്റെ ആദ്യ ഉറവിടത്തെ കണ്ടെത്താനാകാത്തതും സായുധ സംഘർഷങ്ങളും ജനങ്ങളുടെ കുടിയേറ്റവും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനെ ദുഷ്കരമാക്കുന്നുവെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി.

ധനക്ഷാമം, ആരോഗ്യകേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ, പ്രാദേശിക ജനങ്ങളുടെ അവിശ്വാസം എന്നിവയും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. ബുണ്ടിബുഗ്യോ വൈറസിനെതിരെ അംഗീകൃത വാക്സിനോ ചികിത്സയോ നിലവിൽ ഇല്ലാത്തതും വെല്ലുവിളി വർധിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു.

അതേസമയം, രോഗബാധിതരുടെ ശരീരദ്രവങ്ങളുമായി നേരിട്ട് സമ്പർക്കം വഴിയാണ് എബോള പകരുന്നതെന്നും, മധ്യ ആഫ്രിക്കയ്ക്ക് പുറത്തേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത നിലവിൽ കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Ebola outbreak intensifies in Congo; cases nearing 3,000; health workers strike at treatment center.

More Stories from this section

family-dental
witywide