ഫീസ് അടവ് വൈകി; 502 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കി അമേരിക്കയിലെ ഹോവാർഡ് സർവകലാശാല

വാഷിങ്ടൺ: ഫീസ് അടയ്ക്കുന്നതിനും സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമുള്ള സമയപരിധി പാലിക്കാത്ത 502 പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളുടെ അഡ്മിഷൻ അമേരിക്കയിലെ ഹോവാർഡ് സർവകലാശാല റദ്ദാക്കി. ഓഗസ്റ്റ് 17-ന് ആരംഭിക്കുന്ന 2026 ഫാൾ സെമസ്റ്ററിന് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെയാണ് നടപടി. ട്യൂഷൻ ഫീസ്, ഫീസ് അടയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ, സ്കോളർഷിപ്പ്, മറ്റ് സാമ്പത്തിക സഹായങ്ങൾ എന്നിവ സംബന്ധിച്ച നടപടികൾ മാർച്ച് മുതൽ ജൂലൈ വരെ ഇ-മെയിൽ, വ്യക്തിഗത സാമ്പത്തിക സഹായ വിവരങ്ങൾ, വീഡിയോ സന്ദേശങ്ങൾ, വിവരസെഷനുകൾ എന്നിവയിലൂടെ വിദ്യാർഥികളെയും രക്ഷിതാക്കളെയും പലതവണ അറിയിച്ചിരുന്നുവെന്ന് സർവകലാശാല വ്യക്തമാക്കി.

നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടയ്ക്കുകയോ ആവശ്യമായ സാമ്പത്തിക രേഖകൾ സമർപ്പിക്കുകയോ ചെയ്യാത്തതിനാൽ പ്രവേശനം നിലനിർത്താൻ കഴിയില്ലെന്ന് വിദ്യാർഥികളെ അറിയിച്ചതായും സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ തീരുമാനം വിദ്യാർഥികളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പുതിയ സർവകലാശാല കണ്ടെത്താനും താമസസൗകര്യം ഒരുക്കാനും സാമ്പത്തിക സഹായം ഉറപ്പാക്കാനും വളരെ കുറച്ച് സമയം മാത്രമാണ് ഇനി അവശേഷിക്കുന്നത്.

സ്കോളർഷിപ്പോ മറ്റ് സാമ്പത്തിക സഹായങ്ങളോ ലഭിക്കാനായി കാത്തിരിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ പ്രത്യേകം പരിശോധിച്ചുവരികയാണെന്നും യഥാർഥ സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും സർവകലാശാല അറിയിച്ചു.തങ്ങളുടെ സാമ്പത്തിക സ്ഥിതി സമയപരിധിക്കുള്ളിൽ കൃത്യമായി പരിഗണിക്കപ്പെട്ടില്ലെന്ന് കരുതുന്ന വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടണമെന്നും ഓരോ കേസും പ്രത്യേകം പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Howard University withdraws admission offers of 502 incoming students over missed payment deadlines

More Stories from this section

family-dental
witywide