
ദോഹ/ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള പരസ്പരാക്രമണങ്ങളും യുദ്ധപ്രഖ്യാപനങ്ങളും കടുത്തതോടെ പശ്ചിമേഷ്യൻ മേഖല വീണ്ടും വൻ യുദ്ധഭീതിയിലായി. കുവൈറ്റിലെയും ബഹ്റൈനിലെയും ഉൾപ്പെടെ എട്ടോളം യുഎസ് സൈനിക താവളങ്ങൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലൂടെ തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.
പേർഷ്യൻ ഉൾക്കടലിലെ തങ്ങളുടെ തീരദേശ നിരീക്ഷണ സംവിധാനങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഈ പ്രത്യാക്രമണമെന്നാണ് ഇറാൻ്റെ വിശദീകരണം. കുവൈറ്റിലെ അലി അൽ-സലേം എയർബേസ്, ബഹ്റൈനിലെ യുഎസ് അഞ്ചാം നാവികസേനാ ആസ്ഥാനം എന്നിവയാണ് ഇറാൻ ലക്ഷ്യമിട്ട പ്രധാന താവളങ്ങൾ.
ഇരുവിഭാഗവും തമ്മിലുള്ള സൈനിക നീക്കങ്ങൾക്കിടയിൽ കടലിൽ ബോട്ട് സഞ്ചാരത്തിനിടെ ഷെൽ കഷ്ണങ്ങൾ തറച്ചുകയറി ഖത്തർ സ്വദേശി കൊല്ലപ്പെട്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കടലിൽ ബോട്ട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന മറ്റൊരു അറബ് വംശജന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണ പരമ്പരയോടെ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും ലംഘിക്കപ്പെട്ടു. സ്വിറ്റ്സർലൻഡിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ ഇതോടെ താല്ക്കാലികമായി മരവിപ്പിച്ചു. ഇറാനെതിരെ കൂടുതൽ ശക്തമായ സൈനിക നടപടികളിലേക്ക് നീങ്ങുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
The Middle East is on the brink of war again; Iran claims to have destroyed 8 US bases, a Qatari citizen was killed in shelling















