മാധ്യമവേട്ട നടത്തിയിട്ടില്ല; റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൊലീസ് മാധ്യമ വേട്ട നടത്തിയിട്ടില്ലെന്നും റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റിപ്പോർട്ടർ ചാനലിൻ്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ല. അന്വേഷണസംഘം ഏത് രീതിയിൽ പ്രവർത്തിക്കണമെന്നത് സർക്കാരിൻ്റെ നിർദേശപ്രകാരമല്ല. ഒരു മാധ്യമപ്രവർത്തകനെയും ആക്രമിച്ചിട്ടില്ലെന്നും മാധ്യമ അടിയന്തരാവസ്ഥ എന്ന കള്ള പ്രചാരണം നടത്തുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

കഴിഞ്ഞകാല അനുഭവങ്ങൾ വച്ചാകും ഇപ്പോൾ പറയുന്നത്. ആ പേടി നിങ്ങൾക്ക് വേണ്ട. ന്യൂസ് റൂമും ഓഫീസും എല്ലാം ഒരിടത്ത് ആണ്. കേസിലെ രണ്ടാം പ്രതിയാണ് റിപോർട്ടർ ടിവി. അതാണ് പൊലീസ് കയറിയത്. കേരള പൊലീസ് നിയമപരമല്ലാത്ത ഒന്നും റിപോർട്ടർ ചാനലിൽ ചെയ്തിട്ടില്ല. മാധ്യമ പ്രവർത്തകനെ കൈ വിലങ്ങ് അണിയിച്ച സംഭവം കേരളത്തിലുണ്ട്. ഇവിടെ തട്ടിപ്പ് കേസിലാണ് അന്വേഷണമെന്നും വാർത്തകളുടെ പേരിലല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എത്ര മാധ്യമ സ്ഥാപനങ്ങളിൽ മുൻ സർക്കാരിൻ്റെ കാലത്ത് പരിശോധന നടന്നു. അന്നൊന്നും ഇവിടെ അടിയന്തരാവസ്ഥ എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. സർക്കാർ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കും. SIT രൂപീകരിച്ചാൽ പിന്നെ അന്വേഷണം നടത്തുന്നത് അവരാണ്. ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് പറയാറില്ല. അങ്ങനെ ഒരു സമീപനം സർക്കാരിനില്ല. കോടതി വാറൻ്റ് അനുസരിച്ചാണ് റെയ്ഡ് നടത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശം ഇതുവരെ ലഭിച്ചിട്ടില്ല എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇന്നോ നാളെയോ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ലഭിച്ചാൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കും. സർക്കാരിന് ആശങ്കയില്ല. എൻ്റെ പേര് മാത്രമല്ല ഉള്ളത് ധാരാളം പേരുകൾ ഉണ്ട്. ആരും ആശ്വസിക്കേണ്ട എന്നും സിപിഐഎം, ബിജെപി നേതാക്കളുടെ പേരുമുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

No media witch-hunt took place; the raid on Reporter channel was transparent, says Ramesh Chennithala.

More Stories from this section

family-dental
witywide