
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് രൂപപ്പെട്ട ആഗോള ഊർജ്ജ അനിശ്ചിതത്വത്തിന്റെ പ്രധാന ഗുണഭോക്താവായി ചൈന മാറിയെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഉപദേശക സ്ഥാപനമായ ദി ഏഷ്യ ഗ്രൂപ്പ്. ഈ വാരം പുറത്തിറക്കിയ റിപ്പോർട്ടിലാണ് മിഡിൽ ഈസ്റ്റിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെയും മറ്റ് ഊർജ്ജ ഉൽപ്പന്നങ്ങളുടെയും വിതരണത്തിലെ തടസ്സം ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നത്.
ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന നിരവധി ഏഷ്യൻ രാജ്യങ്ങൾ പ്രതിസന്ധിയുടെ ആഘാതം നേരിട്ടപ്പോൾ, ഊർജ്ജ സ്രോതസ്സുകളുടെ വൈവിധ്യവത്കരണം, തന്ത്രപ്രധാന എണ്ണശേഖരങ്ങളുടെ ഉപയോഗം, ആഭ്യന്തര ഊർജ്ജ നയങ്ങൾ എന്നിവയിലൂടെ ചൈന പ്രതിസന്ധിയെ അവസരമാക്കി മാറ്റിയെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
ആഗോള എണ്ണവിലയിലെ അനിശ്ചിതത്വത്തിന്റെ ആഘാതം നിയന്ത്രിക്കുന്നതിനൊപ്പം ക്ലീൻ എനർജി സാങ്കേതികവിദ്യകളുടെ കയറ്റുമതി ഗണ്യമായി വർധിപ്പിക്കാനും ചൈനയ്ക്ക് കഴിഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇറാനുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിൽ അമേരിക്കയെക്കാൾ ഫലപ്രദമായ നയതന്ത്ര ശക്തിയായി സ്വയം അവതരിപ്പിക്കാനും ബീജിങ്ങിന് ഈ സാഹചര്യം സഹായിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തികമായും ഭൗമരാഷ്ട്രീയപരമായും നിലവിലെ സാഹചര്യത്തെ തങ്ങളുടെ താൽപര്യങ്ങൾക്ക് അനുകൂലമായി വിനിയോഗിക്കുകയാണ് ചൈനയെന്നും, ലോകത്തിലെ വിശ്വസനീയവും സ്ഥിരതയുള്ളതുമായ പങ്കാളിയെന്ന പ്രതിച്ഛായ ശക്തിപ്പെടുത്താൻ ബീജിംഗ് ശ്രമിക്കുന്നതായും ദി ഏഷ്യ ഗ്രൂപ്പ് വിലയിരുത്തുന്നു. വ്യവസായ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ചൈനയുടെ ദീർഘകാല തന്ത്രത്തിന്റെ വിജയമായാണ് നിലവിലെ സാഹചര്യത്തെ രാജ്യം കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആഗോള ഊർജ്ജ പ്രതിസന്ധി ദീർഘകാലം തുടരുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ചൈനയും പൂർണമായി മുക്തമാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഊർജ്ജവില വർധന, ആഗോള സാമ്പത്തിക മാന്ദ്യം, അന്താരാഷ്ട്ര വിപണികളിലെ ആവശ്യക്കുറവ് എന്നിവ ചൈനയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
എന്നിരുന്നാലും, ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക ചാഞ്ചാട്ടങ്ങളെ നേരിടാൻ ആവശ്യമായ സാമ്പത്തിക ശേഷിയും നയപരമായ തയ്യാറെടുപ്പും നിലവിൽ ചൈനയ്ക്കുണ്ടെന്നാണ് റിപ്പോർട്ടിന്റെ നിഗമനം. നിലവിലെ സാഹചര്യം ചൈനയ്ക്ക് മറികടക്കാനാകാത്ത പ്രതിസന്ധിയല്ല, മറിച്ച് കാര്യക്ഷമമായി കൈകാര്യം ചെയ്യാവുന്ന വെല്ലുവിളിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.














