‘5,000 ഡോളറിന് ഒരു ബർഗറും ചെറിയൊരു ഡെസേർട്ടും മാത്രം’; ജീവിതച്ചെലവ് ചർച്ചയാകുന്നതിനിടെ ട്രംപിന്റെ പരിഹാസം

മാർ-എ-ലാഗോ ക്ലബ്ബിൽ 5,000 ഡോളറിന് ഒരു ബർഗറും ചെറിയൊരു ഡെസേർട്ടും മാത്രമേ വാങ്ങാനാകൂവെന്ന് പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിലെ നിയന്ത്രണം നിലനിർത്തിയാൽ പ്രായപൂർത്തിയായ അമേരിക്കൻ പൗരന്മാർക്ക് 5,000 ഡോളർ വീതം നൽകുമെന്ന നിർദേശം പ്രചരിപ്പിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. അടുത്തയാഴ്ച നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചാൽ ലഭിക്കുന്ന തുക അമേരിക്കയിൽ തന്നെ ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ട് ടെക്സസിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

“നിങ്ങൾക്ക് മാർ-എ-ലാഗോയിലേക്കും വരാം. നിങ്ങൾ എന്റെ അതിഥിയായിരിക്കും,” ട്രംപ് സദസ്സിനോട് പറഞ്ഞു. എന്നാൽ, “5,000 ഡോളറിന് നിങ്ങൾക്ക് വാങ്ങാനാകുക ഒരു ബർഗറും ഒരുപക്ഷേ ചെറിയൊരു ഡെസേർട്ടും മാത്രമായിരിക്കും. അതുപോലും വാങ്ങാനാകുമോയെന്ന് ഉറപ്പില്ല. വില നോക്കി ചെലവഴിക്കുന്നവർക്ക് പറ്റിയ സ്ഥലമല്ല അത്,” എന്നും അദ്ദേഹം പരിഹസിച്ചു. സദസ്സിൽ ചിരി പടർത്തിയ പരാമർശം പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളിലൊന്നായ ജീവിതച്ചെലവിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ട്രംപിന്റെ പരാമർശം ശ്രദ്ധ നേടിയത്.

പണപ്പെരുപ്പം, പലചരക്ക് സാധനങ്ങളുടെ വില, കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത എന്നിവ വോട്ടർമാരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണെന്ന് വിവിധ സർവേകൾ വ്യക്തമാക്കുന്നു. ഉയർന്ന വിലയ്ക്ക് ഡെമോക്രാറ്റുകളെയാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. അതേസമയം, തന്റെ സാമ്പത്തിക നയങ്ങളെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്യുന്നു.അമേരിക്കൻ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഉത്തേജനമാകുമെന്നാണ് 5,000 ഡോളർ നൽകാനുള്ള നിർദേശത്തെക്കുറിച്ച് ട്രംപിന്റെ വാദം. എന്നാൽ, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രഖ്യാപനമാണിതെന്നും നടപ്പാക്കാൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണെന്നും ഡെമോക്രാറ്റുകൾ വിമർശിക്കുന്നു.

പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള ടെക്സസിൽ ട്രംപ് പ്രചാരണം നടത്തിയതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ, സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതിയിൽ ടെക്സസ് ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ അനുകൂല സംസ്ഥാനങ്ങളിലെ വോട്ടർമാർ അതൃപ്തരാണെന്ന് ദ ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്തു.ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് എണ്ണ, പെട്രോൾ വിലകൾ കുതിച്ചുയരുന്നതിന് മുമ്പ്, കഴിഞ്ഞ വർഷം ജീവിതച്ചെലവിനെക്കുറിച്ചുള്ള ഡെമോക്രാറ്റുകളുടെ ആശങ്കകളെ ട്രംപ് ‘തട്ടിപ്പ്’ എന്നാണ് വിശേഷിപ്പിച്ചത്.

ഇപ്പോഴത്തെ ജനങ്ങളുടെ അതൃപ്തി ചില റിപ്പബ്ലിക്കൻ നേതാക്കളെ ട്രംപിൽനിന്ന് അകന്നുനിൽക്കാൻ പ്രേരിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ താനും മത്സരിക്കുന്നുണ്ടെന്ന രീതിയിൽ തന്നെ വിശ്വസിക്കണമെന്ന് അനുയായികളോട് ട്രംപ് അഭ്യർഥിക്കുന്നതിനിടെയാണ്, റിപ്പബ്ലിക്കൻ പാർട്ടിയുടെ അധികാരം നിലനിർത്താൻ വോട്ടർമാർക്ക് പണം നൽകുമെന്ന പ്രഖ്യാപനവും ചർച്ചയാകുന്നത്.

Trump jokes $5,000 would buy only ‘a hamburger and maybe dessert’ at Mar-a-Lago amid affordability push

Also Read

More Stories from this section

family-dental
witywide