
കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി തള്ളി. കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു.
ഒന്നാം പ്രതി സുഹൈൽ സജീവ് (19), കൂട്ടാളികളായ നിനവ് (19), ജോയൽ (20), അമീൻ ഷാ (19) എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. നിലവിൽ പ്രതികൾ ബോസ്റ്റൽ സ്കൂളിൽ റിമാൻഡിൽ കഴിയുകയാണ്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശേരി എയർപോർട്ട് റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദേവിക, ഗോപിക, ഇയാസ് എന്നീ മൂന്ന് യുവാക്കൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
പ്രതി സുഹൈൽ അനുവദനീയമായ അളവിലും അഞ്ചിരട്ടിയിലധികം മദ്യം കഴിച്ച് അമിതവേഗതയിലാണ് വാഹനം ഓടിച്ചതെന്ന് മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ, അപകടത്തിന് തൊട്ടുപിന്നാലെ മൂന്നാം പ്രതിയായ ജോയൽ തന്റെ സുഹൃത്തിന് അയച്ച വോയ്സ് മെസ്സേജ് കേസിൽ നിർണായക തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. തങ്ങൾ മദ്യപിച്ചിരുന്നതായും അമിതവേഗതയിലാണ് വണ്ടി ഓടിച്ചതെന്നും അപകടത്തിന് ശേഷം പേടിച്ച് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായും വ്യക്തമാക്കുന്നതായിരുന്നു ഈ വോയ്സ് മെസ്സേജ്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.
Nedumbassery vehicle accident: Bail denied to all four accused, including the primary accused, Suhail; Additional Sessions Court rejects the bail plea.














