ഇന്ധനവില വർദ്ധനവ്: യുഎസ് ആഡംബര കപ്പൽ ലോകപര്യടനത്തിനിടെ യാത്ര നിർത്തിവെച്ചു; പ്രതിസന്ധിയിലായി നൂറുകണക്കിന് യാത്രക്കാർ

ന്യൂയോർക്ക്: ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നതിനെ തുടർന്ന്, സ്ഥിരതാമസസൗകര്യങ്ങളോടെ ലോകപര്യടനം നടത്തിക്കൊണ്ടിരുന്ന അമേരിക്കൻ ആഡംബര ക്രൂയിസ് കപ്പൽ കംബോഡിയയിൽ യാത്ര നിർത്തിവെച്ചു. ഇതോടെ മാസങ്ങളായി കപ്പലിനെ തങ്ങളുടെ സ്വന്തം വീടായി കണ്ട് കഴിഞ്ഞിരുന്ന നൂറുകണക്കിന് യാത്രക്കാർക്ക് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു.

കടലിലെ ദീർഘകാല ജീവിതവും ആഗോള യാത്രയും സമന്വയിപ്പിച്ച് ഏഴ് വൻകരകളിലൂടെ 3.5 വർഷത്തെ പ്രയാണത്തിനായി ‘ഒഡീസി’ എന്ന കപ്പൽ രണ്ട് വർഷം മുമ്പാണ് യാത്ര ആരംഭിച്ചത്. 2030 ഓഗസ്റ്റ് വരെ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന കപ്പലിന്റെ യാത്രയാണ് ഇപ്പോൾ അപ്രതീക്ഷിതമായി മുടങ്ങിയിരിക്കുന്നത്.

ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഏഷ്യയിലെ ചില ഭാഗങ്ങളിൽ ഇന്ധനവില കുതിച്ചുയർന്നതാണ് പ്രതിസന്ധിക്ക് കാരണം. മുൻപ് കപ്പലിലെ ഒരു ക്യാബിന് ശരാശരി 1,800 ഡോളർ ആയിരുന്ന പ്രതിമാസ ഇന്ധനച്ചെലവ്, ഇപ്പോൾ 6,000 മുതൽ 8,000 ഡോളർ വരെയായി ഉയർന്നതായി ഫ്ലോറിഡ ആസ്ഥാനമായുള്ള വില്ല വി റെസിഡൻസസ് കമ്പനി അറിയിച്ചു. യാത്രാവേഗത കുറച്ചും തുറമുഖങ്ങളിൽ കൂടുതൽ സമയം ചിലവഴിച്ചും ഇന്ധന ഉപയോഗം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും പ്രതിസന്ധി മറികടക്കാൻ സാധിച്ചില്ല. ഭീമമായ ഈ അധികച്ചെലവ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് സർവീസ് താൽക്കാലികമായി നിർത്തിവെക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബർ 23-നാണ് അഞ്ച് ദിവസത്തെ സന്ദർശനത്തിനായി കപ്പൽ കംബോഡിയയിലെ സിഹാനൂക്‌വില്ലെ സ്വയംഭരണ തുറമുഖത്ത് അടുത്തത്. ഇവിടെ നിന്നും വിയറ്റ്‌നാമിലേക്ക് തിരിക്കേണ്ടിയിരുന്ന കപ്പൽ യാത്ര റദ്ദാക്കിയതോടെ തുറമുഖത്ത് തന്നെ തുടരുകയാണ്. അമേരിക്കക്കാർ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ള 203 യാത്രക്കാരും 156 കപ്പൽ ജീവനക്കാരുമാണ് ഇതിലുള്ളത്. 650 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ കപ്പൽ.

യാത്രക്കാരോട് കപ്പലിൽ നിന്ന് ഇറങ്ങാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ പിന്തുണ നൽകുമെന്നും കമ്പനി അറിയിച്ചു. എന്നാൽ കപ്പൽ ജീവനക്കാരുടെ തുടർന്നുള്ള കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അതേസമയം, 2029-ന്റെ തുടക്കത്തിൽ രണ്ടാമതൊരു റെസിഡൻഷ്യൽ ക്രൂയിസ് കപ്പൽ കൂടി സർവീസിന് ഇറക്കാൻ കമ്പനി മുൻപ് പദ്ധതിയിട്ടിരുന്നു. എന്നാൽ നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രണ്ടാമത്തെ കപ്പലിന്റെ ഭാവിയെക്കുറിച്ച് കമ്പനി പ്രസ്താവനയിൽ ഒന്നും പരാമർശിച്ചിട്ടില്ല. കപ്പൽ കമ്പനിയുടെ സാമ്പത്തിക ഘടന പുനഃക്രമീകരിച്ച് സർവീസ് പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Rising fuel costs: US luxury cruise ship halts voyage during world tour; hundreds of passengers left in a difficult situation.

More Stories from this section

family-dental
witywide