19 വിർജീനിയ ക്ലാസ് അന്തർവാഹിനികളിൽ കൂടുതൽ മിസൈൽ വിക്ഷേപണ സെല്ലുകൾ; അമേരിക്കൻ നാവികസേനയുടെ നീക്കമെന്ത്?

അന്തർവാഹിനി പദ്ധതികളിൽ അമേരിക്കൻ നാവികസേന വലിയ മാറ്റം വരുത്തുകയാണ്. ആണവശക്തിയിൽ പ്രവർത്തിക്കുന്ന 19 വിർജീനിയ ക്ലാസ് ആക്രമണ അന്തർവാഹിനികളിൽ കൂടുതൽ മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ സ്ഥാപിക്കാനാണ് തീരുമാനം. പസഫിക് മേഖലയിൽ ചൈനയുമായി സംഘർഷമുണ്ടായാൽ ഇത് അമേരിക്കയ്ക്ക് വലിയ തന്ത്രപരമായ നേട്ടം നൽകുമെന്നാണ് വിലയിരുത്തൽ. പദ്ധതിയിലുള്ള 19 അന്തർവാഹിനികളെയും ഗൈഡഡ് മിസൈൽ അന്തർവാഹിനികളായി തരംതിരിക്കാൻ പെന്റഗൺ തീരുമാനിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

ഇവയിൽ വിർജീനിയ പേലോഡ് മോഡ്യൂൾ എന്ന പുതിയ ഭാഗം ഘടിപ്പിക്കും. അന്തർവാഹിനിയോട് കൂട്ടിച്ചേർക്കുന്ന 84 അടി നീളമുള്ള ഭാഗമാണ് വിർജീനിയ പേലോഡ് മോഡ്യൂൾ. ഇതോടെ ഓരോ അന്തർവാഹിനിക്കും വഹിക്കാനാകുന്ന മിസൈലുകളുടെ എണ്ണം വർധിക്കും. 28 അധിക മിസൈൽ വിക്ഷേപണ സെല്ലുകളാണ് ലഭിക്കുക. നിലവിലെ വിർജീനിയ ക്ലാസ് അന്തർവാഹിനികളിൽ 12 മിസൈൽ സെല്ലുകളാണുള്ളത്. നവീകരണത്തോടെ ഇവയിൽ ആകെ 40 മിസൈൽ വിക്ഷേപണ സെല്ലുകളുണ്ടാകും. ടോമഹോക്ക് ക്രൂസ് മിസൈലുകൾക്കൊപ്പം പുതിയ ഹൈപ്പർസോണിക് ആയുധങ്ങളും ഇവയിൽ വഹിക്കാനാകും.

അന്തർവാഹിനികളുടെ പ്രധാന നേട്ടം അവയ്ക്ക് വെള്ളത്തിനടിയിൽ പ്രവർത്തിക്കാനാകുമെന്നതാണ്. എളുപ്പത്തിൽ കണ്ടെത്തപ്പെടാതെ ചൈനയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് കൂടുതൽ അടുത്തേക്ക് നീങ്ങാനും ഇവയ്ക്ക് കഴിയും. ആദ്യ ദ്വീപ് ശൃംഖലയ്ക്ക് സമീപമോ അതിനുള്ളിലോ മുന്നേറി താരതമ്യേന സുരക്ഷിതമായി നിലയുറപ്പിക്കാൻ കഴിയുന്ന ചുരുക്കം ചില സംവിധാനങ്ങളിൽ ഒന്നാണ് അന്തർവാഹിനികളെന്നാണ് ലണ്ടനിലെ റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകനായ സിദ്ധാർഥ് കൗശൽ സി.എൻ.എന്നിനോട് പറഞ്ഞത്. ജപ്പാനിൽ നിന്ന് തായ്‌വാൻ വഴിയും ഫിലിപ്പീൻസ് വരെയും നീളുന്ന ദ്വീപുകളുടെ നിരയെയാണ് ആദ്യ ദ്വീപ് ശൃംഖല എന്ന് അദ്ദേഹം പരാമർശിച്ചത്.

നിലവിൽ അമേരിക്കയ്ക്ക് ഒഹായോ ക്ലാസ് ഗൈഡഡ് മിസൈൽ അന്തർവാഹിനികളായ നാല് എസ്‌എസ്‌ജിഎൻകളുണ്ട്. അമേരിക്കയും റഷ്യയും ആണവായുധ ശേഖരം കുറച്ചതിന് പിന്നാലെയാണ് നാല് ഒഹായോ ക്ലാസ് അന്തർവാഹിനികളെ എസ്‌എസ്‌ജിഎൻകളാക്കി അമേരിക്ക മാറ്റിയത്. ഏകദേശം 20 വർഷം മുമ്പ് നടന്ന ഈ മാറ്റത്തിലൂടെ 154 ടോമഹോക്ക് ക്രൂസ് മിസൈലുകൾ വരെ വഹിക്കാനാകുന്ന തരത്തിൽ അന്തർവാഹിനികളെ പരിഷ്കരിച്ചു. 2025ലെ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ ആക്രമണത്തിൽ ഒരു ഒഹായോ ക്ലാസ് അന്തർവാഹിനിയും ഉപയോഗിച്ചിരുന്നു.

ബി-2 ബോംബർ വിമാനങ്ങൾ നടത്തിയ ആക്രമണങ്ങൾക്ക് പിന്തുണയായി അന്തർവാഹിനിയിൽ നിന്ന് മിസൈലുകൾ വിക്ഷേപിച്ചു. എന്നാൽ നാല് ഒഹായോ ക്ലാസ് എസ്‌എസ്‌ജിഎൻകളെയും ഘട്ടംഘട്ടമായി സേവനത്തിൽ നിന്ന് പിൻവലിക്കുകയാണ്. യുഎസ്എസ് ജോർജിയ ഇതിനകം പ്രവർത്തനരഹിതമാക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. മറ്റ് മൂന്ന് അന്തർവാഹിനികളും വരും വർഷങ്ങളിൽ ഇതേ നടപടിക്ക് വിധേയമാകും. ഇവയ്ക്ക് പകരം വിർജീനിയ പേലോഡ് മോഡ്യൂൾ ഘടിപ്പിച്ച വിർജീനിയ ക്ലാസ് അന്തർവാഹിനികളായിരിക്കും എത്തുക.

ഭാവിയിൽ നിർമിക്കുന്ന ഒരു വിർജീനിയ ക്ലാസ് എസ്‌എസ്‌ജിഎൻ, ഒരു ഒഹായോ ക്ലാസ് എസ്‌എസ്‌ജിഎൻ വഹിക്കുന്ന മിസൈലുകളുടെ ഏകദേശം 26 ശതമാനം മാത്രമേ വഹിക്കുകയുള്ളൂ. അതിനാൽ ഒരു ഒഹായോ ക്ലാസ് അന്തർവാഹിനിയുടെ മിസൈൽ ശേഷിക്ക് തുല്യമാകാൻ ഏകദേശം നാല് വിർജീനിയ ക്ലാസ് അന്തർവാഹിനികൾ ആവശ്യമായി വരും. ചൈനയുടെ തീരത്തോട് രഹസ്യമായി അടുത്തെത്തി പ്രധാന സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ കഴിയുന്ന അന്തർവാഹിനികളാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനൊപ്പം കൂടുതൽ അന്തർവാഹിനികൾ നിർമിക്കാനും അമേരിക്ക ശ്രമിക്കുകയാണ്.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം, 2021നും 2025നും ഇടയിൽ ചൈന 10 അന്തർവാഹിനികൾ പുറത്തിറക്കിയപ്പോൾ അമേരിക്ക ഏഴ് അന്തർവാഹിനികളാണ് പുറത്തിറക്കിയത്. ഇതേ കാലയളവിൽ ചൈന പുറത്തിറക്കിയ അന്തർവാഹിനികളുടെ ആകെ ടണ്ണേജ് 79,000 ടണ്ണായിരുന്നു. അമേരിക്കയുടേത് 55,000 ടണ്ണുമായിരുന്നു.

The US Navy is changing its submarine plans, with 19 nuclear-powered Virginia-class attack submarines set to be equipped with a much larger number of missile launchers.

More Stories from this section

family-dental
witywide