വാഷിങ്ടൺ: തിരഞ്ഞെടുപ്പ് ദിനത്തിൽ തപാലിൽ അയച്ചെങ്കിലും പിന്നീട് ലഭിക്കുന്ന മെയിൽ-ഇൻ ബാലറ്റുകൾ എണ്ണാമെന്ന മിസിസിപ്പി സംസ്ഥാന നിയമം ശരിവച്ച് അമേരിക്കൻ സുപ്രീം കോടതി. ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ എതിർപ്പ് വകവെക്കാതെയുള്ള ഈ വിധി ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. 5-4 എന്ന ഭൂരിപക്ഷ വിധിയിലാണ് സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് തപാൽ മുദ്ര (Postmark) പതിപ്പിച്ചിട്ടുള്ളതും എന്നാൽ അഞ്ച് ദിവസത്തിനകം മാത്രമാണ് തിരഞ്ഞെടുപ്പ് അധികൃതർക്ക് ലഭിക്കുന്നതുമായ തപാൽ വോട്ടുകൾ സാധുവായി കണക്കാക്കാമെന്ന മിസിസിപ്പി നിയമമാണ് കോടതി ശരിവെച്ചത്.
വിധി “വലിയ നഷ്ടം” (Tremendous Loss) ആണെന്ന് ട്രംപ് പ്രതികരിച്ചു. മെയിൽ-ഇൻ വോട്ടിംഗിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം നേരത്തെയും പലതവണ ആരോപിച്ചിരുന്നു. എന്നാൽ അതിന് വ്യക്തമായ തെളിവുകളൊന്നും ട്രംപ് ഹാജരാക്കിയിട്ടില്ല. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിയന്ത്രണം നിർണയിക്കുന്നതിൽ നിർണായകമായ നിരവധി സംസ്ഥാനങ്ങളെ സുപ്രീം കോടതി വിധി ബാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ദിനത്തിന് ശേഷം ലഭിക്കുന്ന തപാൽ വോട്ടുകൾ സ്വീകരിക്കുന്നതിന് പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്.
ജസ്റ്റിസ് എമി കോണി ബാരറ്റ് തയ്യാറാക്കിയ ഭൂരിപക്ഷ വിധിയിൽ, തിരഞ്ഞെടുപ്പ് ദിനം ഏതാണെന്ന് ഫെഡറൽ നിയമം വ്യക്തമാക്കുന്നുണ്ടെങ്കിലും, തപാൽ ബാലറ്റുകൾ എപ്പോഴാണ് ലഭിക്കേണ്ടതെന്ന കാര്യം നിയമത്തിൽ പരാമർശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. “തിരഞ്ഞെടുപ്പ് ദിനവുമായി ബന്ധപ്പെട്ട നിയമത്തിൽ ബാലറ്റുകൾ ലഭിക്കേണ്ട സമയത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. കോൺഗ്രസ് എഴുതാത്ത വ്യവസ്ഥകൾ കോടതിക്ക് കൂട്ടിച്ചേർക്കാനാവില്ല,” ജസ്റ്റിസ് ബാരറ്റ് വിധിന്യായത്തിൽ വ്യക്തമാക്കി.
അതേസമയം, വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് സാമുവൽ അലിറ്റോ, വൈകിയെത്തുന്ന തപാൽ വോട്ടുകൾ സ്വീകരിക്കുന്നത് തിരഞ്ഞെടുപ്പ് ഫലം നിർണയിക്കുന്ന ദിവസം നീട്ടിവെക്കുന്നതിന് തുല്യമാണെന്നും അത് ഫെഡറൽ നിയമത്തിന് വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടു. ഇത്തരമൊരു തീരുമാനം വോട്ടിംഗ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം കുറയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെടാൻ കാരണം മെയിൽ-ഇൻ വോട്ടുകളാണെന്ന് ട്രംപ് പലതവണ ആരോപിച്ചിരുന്നു. എന്നാൽ ആ ആരോപണങ്ങൾക്ക് തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല.
സുപ്രീം കോടതി വിധിക്ക് പിന്നാലെ, വോട്ടർമാർക്ക് ഫോട്ടോ തിരിച്ചറിയൽ കാർഡും പൗരത്വ രേഖയും നിർബന്ധമാക്കുന്ന സേവ് അമേരിക്ക ആക്‌ട് ഉടൻ പാസാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അസുഖം, വൈകല്യം, യാത്ര, സൈനിക സേവനം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങൾ ഒഴികെ മെയിൽ-ഇൻ വോട്ടിംഗ് പൂർണമായി നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, റിപ്പബ്ലിക്കൻ പാർട്ടി വിധിയെ വിമർശിച്ചപ്പോൾ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം വിധിയെ സ്വാഗതം ചെയ്തു. “ഇത് വോട്ടർമാരുടെ വിജയമാണ്. തപാൽ വോട്ടുകളും കൃത്യമായി എണ്ണപ്പെടുമെന്നും ജനങ്ങളുടെ ശബ്ദം ജനാധിപത്യ പ്രക്രിയയിൽ പ്രതിഫലിക്കുമെന്നും ഈ വിധി ഉറപ്പാക്കുന്നു,” അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ, മെയിൽ-ഇൻ വോട്ടുകളിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നുവെന്ന ട്രംപിന്റെ ആരോപണത്തെ പഠനങ്ങൾ തള്ളുന്നുണ്ട്. കഴിഞ്ഞ അഞ്ച് അമേരിക്കൻ തെരഞ്ഞെടുപ്പുകളിലായി ഒരു കോടി വോട്ടിൽ ശരാശരി നാല് തട്ടിപ്പ് കേസുകൾ മാത്രമാണ് കണ്ടെത്തിയതെന്ന് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു പഠനം വ്യക്തമാക്കുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യം, ഈ വർഷം ഫ്ലോറിഡയിൽ നടന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ ട്രംപും മെയിൽ-ഇൻ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതുസംബന്ധിച്ച വിമർശനങ്ങൾ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞിരുന്നു.
The US Supreme Court has ruled that states may count postal ballots received late if they were postmarked by election day, rejecting the Trump administration’s push to block it.











