
വാഷിംഗ്‌ടൺ: കാത്തിരിപ്പിന്റെ നീണ്ട 10 മാസങ്ങൾക്കൊടുവിൽ, പേർഷ്യൻ ഗൾഫിലെ യുദ്ധമുഖത്തുനിന്നും അമേരിക്കയുടെ ഭീമൻ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ ജന്മനാട്ടിലേക്ക് തിരിച്ചെത്തി. വ്യാഴാഴ്ച ദക്ഷിണ കാലിഫോർണിയൻ തീരത്ത് കപ്പൽ അടുക്കുമ്പോൾ, പ്രിയപ്പെട്ടവരെ നെഞ്ചോടുചേർക്കാൻ അമേരിക്കൻ പതാകകളേന്തി ആയിരക്കണക്കിന് കുടുംബങ്ങളാണ് തുറമുഖത്ത് തടിച്ചുകൂടിയത്. നാവികരുടെ ആർപ്പുവിളികളും ബന്ധുക്കളുടെ സന്തോഷക്കണ്ണീരും കൊണ്ട് നാവികതാവളം വികാരാധീനമായി.
കടലിലെ കഠിനമായ ദൗത്യത്തിനിടയിൽ കപ്പലിലെ അറുപതോളം നാവികർക്കാണ് നാട്ടിൽ കുഞ്ഞുങ്ങൾ ജനിച്ചത്. തങ്ങൾ ഇത്രയും കാലം ചിത്രങ്ങളിലും ഫോൺ കോളുകളിലും മാത്രം കണ്ട തങ്ങളുടെ ചോരക്കുഞ്ഞുങ്ങളെ ഈ പിതാക്കന്മാർ ആദ്യമായി നെഞ്ചോടുചേർത്ത് ചുംബിച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. “എങ്ങനെയെങ്കിലും ജീവൻ കൈപ്പിടിയിൽ ഒതുക്കിയാണ് ഈ നാളുകൾ ഞങ്ങൾ തള്ളിനീക്കിയത്,” നാവികയായ മക്കെയ്‌ല മോറിസ് വികാരഭരിതയായി പറഞ്ഞു.
ആകെ 321 ദിവസത്തെ വിന്യാസത്തിൽ, ഒരു തുറമുഖത്തുപോലും അടുക്കാതെ തുടർച്ചയായി 265 ദിവസങ്ങളാണ് ലിങ്കൺ കടലിൽ തുടർന്നത്. നാവിക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റയ്ക്കുള്ള കടൽവാസമാണിത്. ഇറാനുമായുള്ള കടുത്ത പോരാട്ടവും, വിഭവങ്ങളുടെ കുറവും, കപ്പലിലെ കഠിനമായ സാഹചര്യങ്ങളും നാവികരെ മാനസികമായി തളർത്തിയിരുന്നു. ഈ ദൗത്യത്തിനിടയിൽ കപ്പലിൽ എട്ടോളം ആത്മഹത്യാശ്രമങ്ങൾ നടന്നതായാണ് പുറത്തുവരുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ. “ഇത് എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ദൗത്യമായിരുന്നു,” കപ്പലിലെ ടെക്നീഷ്യനായ പ്രെഷ്യസ് അമട പറയുന്നു.
യാത്രാമധ്യേ സാൻ ഡീഗോയിൽ വെച്ച് കപ്പലിലെത്തിയ യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നാവികരെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഏറെ ഹൃദയസ്പർശിയായിരുന്നു. “നിങ്ങൾക്കും നിങ്ങളുടെ വീടിനുമിടയിൽ നിൽക്കുന്ന ഒരേയൊരു തടസ്സം ഞാനാണെന്ന് എനിക്കറിയാം. നിങ്ങളുടെ ദൗത്യകാലാവധി നീട്ടാനുള്ള ഉത്തരവിൽ രണ്ടുതവണ ഒപ്പിടേണ്ടി വന്നത് ഞാനാണ്. അതൊരിക്കലും ലഘുവായി ചെയ്തതല്ല. പക്ഷേ, രാജ്യം നിങ്ങളെ ആവശ്യപ്പെട്ടിരുന്നു, നിങ്ങൾ ആ ദൗത്യം ഭംഗിയായി പൂർത്തിയാക്കി,” ഹെഗ്സെത്ത് പറഞ്ഞു.
സ്കൂളിന്റെ അവസാന ദിവസം കൂട്ടുകാരോട് യാത്രപറഞ്ഞ് പിരിയുന്ന കുട്ടികളെപ്പോലെ, ഒരു വർഷത്തോളം ഒപ്പം കഴിഞ്ഞ എയർ വിംഗിലെ സുഹൃത്തുക്കളോട് യാത്രപറഞ്ഞ്, തങ്ങളുടെ കുടുംബങ്ങളിലേക്ക് മടങ്ങുന്ന നാവികരുടെ ദൃശ്യങ്ങളോടെയാണ് ലിങ്കണിന്റെ ഈ ചരിത്രപരമായ ദൗത്യത്തിന് സമാപനമായത്.
The US warship Lincoln returns home.















