നോർഫോൾക്ക്: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് 11 മാസത്തെ ദീർഘകാല ദൗത്യത്തിന് ശേഷം ശനിയാഴ്ച അമേരിക്കയിലെ വെർജീനിയയിൽ തിരിച്ചെത്തി. വിയറ്റ്നാം യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വിന്യാസമാണിതെന്നാണ് റിപ്പോർട്ടുകൾ. ഇറാനുമായുള്ള അമേരിക്കൻ യുദ്ധ പ്രവർത്തനങ്ങൾക്കും വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പിടികൂടിയ സൈനിക നീക്കങ്ങൾക്കും പിന്തുണ നൽകിയ ശേഷമാണ് കപ്പൽ മടങ്ങിയെത്തിയത്.
യുഎസ് നാവികസേനയുടെ ഏറ്റവും ആധുനിക യുദ്ധക്കപ്പലായ ഫോർഡിനൊപ്പം രണ്ട് ഡെസ്ട്രോയർ കപ്പലുകളും നോർഫോൾക്ക് നാവിക താവളത്തിൽ എത്തി. കഴിഞ്ഞ ജൂൺ മാസത്തിന് ശേഷം ആദ്യമായാണ് ഏകദേശം 5,000 നാവികർ കുടുംബാംഗങ്ങളെ കാണുന്നത്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്ത് കപ്പലുകളുടെ വരവേൽപ്പിനായി നേരിട്ട് എത്തിയിരുന്നു. യുഎസ്എസ് ബെയിൻബ്രിഡ്ജ് ഡെസ്ട്രോയറിന്റെ സേനാംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
“നിങ്ങൾ ഒരു ദൗത്യം മാത്രം പൂർത്തിയാക്കിയില്ല, ചരിത്രം സൃഷ്ടിച്ചു. രാജ്യത്തെ അഭിമാനിപ്പിച്ചു,” എന്ന് ഹെഗ്സത്ത് പറഞ്ഞു. ഇറാൻ യുദ്ധത്തിലെ സേവനത്തിന് ഫോർഡിനും അനുബന്ധ കപ്പലുകൾക്കും “പ്രസിഡൻഷ്യൽ യൂണിറ്റ് സൈറ്റേഷൻ” എന്ന അമേരിക്കൻ സൈന്യത്തിലെ ഉയർന്ന ബഹുമതി സമ്മാനിച്ചു. ദൃഢനിശ്ചയമുള്ള ശത്രുവിനെതിരെ നടത്തിയ അതുല്യമായ പ്രവർത്തനം പരിഗണിച്ചാണ് പുരസ്കാരം.
ദൗത്യത്തിനിടെ യുദ്ധപ്രവർത്തനങ്ങൾക്കൊപ്പം നിരവധി വെല്ലുവിളികളും കപ്പൽ നേരിട്ടിരുന്നു. ഗ്രീസിലെ ക്രെറ്റ് ദ്വീപിൽ നങ്കൂരമിട്ടിരിക്കുമ്പോൾ കപ്പലിലെ ലോണ്ട്രി വിഭാഗത്തിൽ ഉണ്ടായ തീപിടിത്തം നൂറുകണക്കിന് നാവികരെ താമസസ്ഥലമില്ലാതാക്കുകയും ദീർഘകാല അറ്റകുറ്റപ്പണികൾ ആവശ്യമായി വരികയും ചെയ്തു. 326 ദിവസമാണ് ഫോർഡ് കടലിൽ ചെലവഴിച്ചത്.
കഴിഞ്ഞ 50 വർഷത്തിനിടയിലെ വിമാനവാഹിനിക്കപ്പലുകളുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണിത്. 1973-ൽ യുഎസ്എസ് മിഡ്‌വേയുടെ 332 ദിവസവും 1965-ൽ യുഎസ്എസ് കോറൽ സീയുടെ 329 ദിവസവും മാത്രമാണ് ഇതിലേറെ നീണ്ട വിന്യാസങ്ങൾ. ദീർഘകാലം കടലിൽ തുടരേണ്ടി വന്നത് നാവികരുടെ മാനസിക-ശാരീരിക സമ്മർദ്ദം വർധിപ്പിച്ചുവെന്ന ആശങ്കയും ഉയരുന്നുണ്ട്.
2025 ജൂണിൽ വെർജീനിയയിൽ നിന്ന് പുറപ്പെട്ട ഫോർഡ് ആദ്യം മെഡിറ്ററേനിയൻ കടലിലേക്കായിരുന്നു പോയത്. പിന്നീട് ഒക്ടോബറിൽ കരീബിയൻ കടലിലേക്ക് തിരിച്ചുവിട്ടു. പിന്നീട് ഇറാനുമായുള്ള സംഘർഷം ശക്തമായതോടെ മധ്യപൂർവേഷ്യയിലേക്കും വിന്യസിച്ചു.സൂയസ് കനാൽ കടന്ന് ചെങ്കടലിലേക്കെത്തിയ ഫോർഡ് ഇറാൻ യുദ്ധത്തിന്റെ ആദ്യഘട്ട സൈനിക നീക്കങ്ങളിൽ പങ്കെടുത്തിരുന്നു.
The USS Gerald R. Ford, the world largest aircraft carrier, returned home to Virginia on Saturday after an 11-month deployment.









