
വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനിയൻ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്ക വീണ്ടും ആക്രമണം നടത്തിയതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ആഗോള ഊർജ്ജ വിതരണം പൂർണ്ണമായും തടസ്സപ്പെടുമെന്ന ആശങ്ക ശക്തമായതിനെത്തുടർന്ന് തുടർച്ചയായ നാലാം ദിവസമാണ് എണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ആഗോള വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 0.4 ശതമാനം ഉയർന്ന് ബാരലിന് 85.28 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 0.5 ശതമാനം വർദ്ധിച്ച് ബാരലിന് 80.02 ഡോളറായി.
ആഗോള എണ്ണ, പ്രകൃതിവാതക വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. മേഖലയിലുണ്ടായ ആക്രമണങ്ങൾ ഇവിടുത്തെ ചരക്കുനീക്കത്തെ ഇതിനകം തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ധന കയറ്റുമതിയിലെ നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ, ഈ വർഷം ഒക്ടോബർ-ഡിസംബർ (നാലാം പാദം) മാസങ്ങളോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോളർ വരെ ഉയർന്നേക്കാമെന്ന് പ്രമുഖ ആഗോള സാമ്പത്തിക വിദഗ്ധരായ ഗോൾഡ്മാൻ സാക്സ് മുന്നറിയിപ്പ് നൽകുന്നു.
US-Iran conflict: Oil prices surge in global markets; increase for fourth consecutive day















