
വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിലെ ഉദ്യോഗസ്ഥരുടെ ശാരീരിക-മാനസിക ക്ഷമത ഉറപ്പാക്കുന്നതിനായി പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്. 30 വയസ്സും അതിൽ കൂടുതലുമുള്ള മുഴുവൻ സൈനികർക്കും ഇനി മുതൽ വർഷം തോറുമുള്ള ടെസ്റ്റോസ്റ്റിറോൺ പരിശോധന നിർബന്ധമാക്കും. സൈനികരുടെ വാർഷിക ആരോഗ്യ വിലയിരുത്തലിന്റെ ഭാഗമായായിരിക്കും ഇനി മുതൽ ഈ സ്ക്രീനിംഗ് നടത്തുക. അതേസമയം, 30 വയസ്സിന് താഴെയുള്ള സൈനികർക്ക് ഈ പരിശോധന നിർബന്ധമല്ല, ആവശ്യമെങ്കിൽ സ്വയം തിരഞ്ഞെടുക്കാവുന്നതാണ്.
പരിശോധനയിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ കുറവ് കണ്ടെത്തുന്ന സൈനികർക്ക് പ്രതിരോധ വകുപ്പിന്റെ മേൽനോട്ടത്തിൽ ‘ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്‌മെന്റ് തെറാപ്പി’ ചെയ്യാനുള്ള സൗകര്യവും പുതിയ നയപ്രകാരം അനുവദിക്കും.
“പ്രായം കൂടുന്തോറും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായും കുറയാറുണ്ട്. എന്നാൽ ആധുനിക യുദ്ധക്കളങ്ങൾ കഠിനവും ക്രൂരവുമാണ്. അവിടെ പരമാവധി മാനസികവും ശാരീരികവുമായ സന്നദ്ധത ആവശ്യമാണ്. ഇത്തരം ആരോഗ്യ സൂചകങ്ങൾ നേരത്തെ തന്നെ കണ്ടെത്തുന്നത് വഴി സൈനികരുടെ യുദ്ധവീര്യം ഉയർന്ന തോതിൽ നിലനിർത്താൻ സാധിക്കും,” ഹെഗ്‌സെത് എക്സിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
എന്തുകൊണ്ട് ഈ തീരുമാനം?
അമേരിക്കൻ സൈന്യത്തിലെ, പ്രത്യേകിച്ച് സ്പെഷ്യൽ ഓപ്പറേഷൻസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരിൽ കടുത്ത മാനസിക സമ്മർദ്ദം, കഠിനമായ ശാരീരിക അധ്വാനം, കൃത്യമായ കലോറി ലഭിക്കാത്ത അവസ്ഥ എന്നിവ കാരണം ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് വലിയ ആശങ്കയായി മാറിയിരുന്നു. സൈനികരുടെ ഫിറ്റ്നസ് മാനദണ്ഡങ്ങളിലും ശരീരത്തിലെ കൊഴുപ്പ് അളക്കുന്ന രീതിയിലും പീറ്റ് ഹെഗ്‌സെത് വരുത്തുന്ന വലിയ പരിഷ്കാരങ്ങളുടെ തുടർച്ചയാണ് പുതിയ തീരുമാനം. നിലവിൽ അമേരിക്കൻ സൈനികർക്ക് ഇൻഷുറൻസ് വഴി ഈ ചികിത്സ ലഭ്യമായിരുന്നെങ്കിലും, വാക്സിനേഷനുകൾ, കാഴ്ച-കേൾവി പരിശോധനകൾ എന്നിവ പോലുള്ള സൈന്യത്തിന്റെ ഔദ്യോഗിക വാർഷിക ആരോഗ്യ പരിശോധനകളുടെ ഭാഗമായി ഇത് ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്.
അതേസമയം, പ്രതിരോധ വകുപ്പിന്റെ ഈ പുതിയ തീരുമാനത്തിൽ മെഡിക്കൽ രംഗത്തെ വിദഗ്ധർ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ കണക്കുകൾ പ്രകാരം കേവലം 2 ശതമാനം പുരുഷന്മാരിൽ മാത്രമാണ് ‘ടെസ്റ്റോസ്റ്റിറോൺ ഡെഫിഷ്യൻസി’ എന്ന യഥാർത്ഥ മെഡിക്കൽ അവസ്ഥ കാണപ്പെടുന്നത്. ഇന്റർനെറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ‘ലോ-ടി’ ഒരു വലിയ രോഗമായി ചിത്രീകരിക്കപ്പെടുന്നത് തെറ്റായ ധാരണകൾ ഉണ്ടാക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
ശരിയായ മാനദണ്ഡങ്ങൾ പാലിക്കാതെ ടെസ്റ്റോസ്റ്റിറോൺ തെറാപ്പി നൽകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് എൻഡോക്രൈൻ സൊസൈറ്റിയുടെ മുന്നറിയിപ്പ്. ഹോർമോൺ കുറവില്ലാത്തവർ ഇത് അനാവശ്യമായി ഉപയോഗിക്കുന്നത് മുഖക്കുരു, വന്ധ്യത, ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടുന്ന ‘സ്ലീപ് അപ്നിയ’ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൂടാതെ, ടെസ്റ്റോസ്റ്റിറോൺ അളവ് കുറവുള്ള സൈനികർക്ക് കരിയറിൽ എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമോ എന്ന കാര്യത്തിലും പെന്റഗൺ നിലവിൽ വ്യക്തത വരുത്തിയിട്ടില്ല.
US Department of Defense makes testosterone testing mandatory for soldiers over 30; to boost soldiers’ fighting spirit















