ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ജോ ബൈഡന്റെ ഓർമ്മക്കുറിപ്പുകൾ പുറത്തിറങ്ങും; ‘പ്രോമിസ് മീ, അമേരിക്ക’ നവംബർ 17-ന് വിപണിയിൽ, ഡെമോക്രാറ്റിക് പാർട്ടിക്ക് തലവേദനയാകുമോ?

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്റെ ഔദ്യോഗിക ജീവിതത്തിലെയും പ്രസിഡന്റ് കാലാവധിയിലെയും ഓർമ്മകൾ പങ്കുവെക്കുന്ന പുതിയ പുസ്തകം പ്രഖ്യാപിച്ചു. നവംബറിൽ നടക്കാനിരിക്കുന്ന യു.എസ്. ഇടക്കാല (മിഡ് ടേം) തെരഞ്ഞെടുപ്പുകൾക്ക് ശേഷം പുസ്തകം പുറത്തിറങ്ങുമെന്ന് ബുധനാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു. ‘പ്രോമിസ് മീ, അമേരിക്ക’ (Promise Me, America) എന്ന് പേരിട്ടിരിക്കുന്ന പുസ്തകം നവംബർ 17-നാണ് ആഗോളതലത്തിൽ പുറത്തിറക്കുന്നത്‌.

താൻ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ രാജ്യം നേരിട്ട വലിയ പ്രതിസന്ധികളെയും അതിൽ താൻ കൈക്കൊണ്ട നിർണായക തീരുമാനങ്ങളെയും കുറിച്ചാണ് പുസ്തകത്തിൽ ബൈഡൻ വിശദീകരിക്കുന്നത്. കോവിഡ്-19 മഹാമാരി നേരിട്ടത്, സാമ്പത്തിക പ്രതിസന്ധികൾ, ജനുവരി 6-ലെ കാപ്പിറ്റോൾ ആക്രമണത്തിന് ശേഷം അമേരിക്കൻ ജനാധിപത്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ, അഫ്ഗാനിസ്ഥാൻ-ഉക്രെയ്ൻ യുദ്ധങ്ങൾ എന്നിവ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ, 2024-ൽ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതും പിന്നീട് ആ തീരുമാനത്തിൽ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയതുമായ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പുസ്തകത്തിലുണ്ടാകും.

“എല്ലാറ്റിലുമുപരി, ഇത് അമേരിക്ക എന്ന രാജ്യത്തിന്റെ വാഗ്ദാനങ്ങളിലുള്ള എന്റെ വിശ്വാസത്തെക്കുറിച്ചാണ്. നമുക്ക് മുൻപേ കടന്നുപോയവരോട് നമ്മൾ ചെയ്ത പ്രതിജ്ഞയെയും അവരുടെ ത്യാഗങ്ങളെ ആദരിക്കുന്നതിനെപ്പറ്റിയുമാണ് ഈ പുസ്തകം,” ബൈഡൻ വ്യക്തമാക്കി.

ഡെമോക്രാറ്റിക് പാർട്ടിക്ക് തലവേദനയാകുമോ?

നവംബറിലെ നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പുസ്തകം പുറത്തുവരുന്നത്. നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണപരാജയങ്ങൾ ചർച്ചയാക്കി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന ഡെമോക്രാറ്റിക് പാർട്ടിക്ക്, ബൈഡന്റെ പുസ്തകപ്രചാരണം രാഷ്ട്രീയമായി ശ്രദ്ധ തിരിക്കുമോ എന്ന ആശങ്കയുണ്ട്. പുസ്തകത്തിലെ ഏതെങ്കിലും വെളിപ്പെടുത്തലുകൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്നാൽ അത് പാർട്ടിയെ പ്രതിരോധത്തിലാക്കിയേക്കാം.

പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം താൻ കുടുംബത്തോടൊപ്പം വിശ്രമത്തിലാണെന്നും, പ്രോസ്റ്റേറ്റ് ക്യാൻസറിനായുള്ള ചികിത്സകൾ വിജയകരമായി മുന്നോട്ട് പോകുന്നുണ്ടെന്നും ബൈഡൻ വീഡിയോയിൽ കൂട്ടിച്ചേർത്തു.

നേതാക്കളുടെ പുസ്തകപ്പോര്

2024-ൽ ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തെത്തുടർന്ന് ബൈഡന്റെ മാനസികാരോഗ്യം ചോദ്യം ചെയ്യപ്പെടുകയും അദ്ദേഹം മത്സരരംഗത്തുനിന്ന് മാറുകയും ചെയ്തിരുന്നു. ഈ സംഭവവികാസങ്ങളെക്കുറിച്ച് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് തന്റെ ‘107 ഡേയ്‌സ്’ എന്ന പുസ്തകത്തിൽ ബൈഡനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. വീണ്ടും മത്സരിക്കാനുള്ള തീരുമാനം വ്യക്തിപരമായി എടുക്കാൻ ബൈഡനെ അനുവദിച്ചത് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ അവിവേകമായിരുന്നു എന്നാണ് കമല എഴുതിയത്. എന്നാൽ, തൊട്ടുപിന്നാലെ പുറത്തിറങ്ങിയ ‘വ്യൂ ഫ്രം ദി ഈസ്റ്റ് വിങ്’ എന്ന ഓർമ്മക്കുറിപ്പിൽ മുൻ പ്രഥമ വനിത ജിൽ ബൈഡൻ, ആ സംവാദത്തിന് മുൻപ് തന്റെ ഭർത്താവിന് ആരെങ്കിലും മയക്കുമരുന്ന് നൽകിയിരുന്നോ എന്ന് താൻ സംശയിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു.

ഈ പശ്ചാത്തലത്തിൽ, തന്റെ ഭാഗം വിശദീകരിക്കാൻ ബൈഡൻ പുറത്തിറക്കുന്ന പുസ്തകത്തെ രാഷ്ട്രീയ ലോകം ഏറെ ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. ബൈഡൻ മുൻപ് രചിച്ച ‘പ്രോമിസസ് ടു കീപ്പ്’, അന്തരിച്ച മകൻ ബോ ബൈഡനെക്കുറിച്ചുള്ള ‘പ്രോമിസ് മീ, ഡാഡ്’ എന്നിവയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ പുസ്തകമാണിത്.

Joe Biden’s memoirs to be released after the midterm elections; ‘Promise Me, America’ to hit the market on November 17th Promise Me America

More Stories from this section

family-dental
witywide