
ഫ്ലോറിഡ: കാറിനുള്ളിൽ സുരക്ഷിതമല്ലാത്ത രീതിയിൽ തുറന്നുവെച്ചിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം. മരിച്ചകുട്ടിയുടെ ബന്ധുവായ നാലുവയസുകാരന്‍ കളിക്കുന്നതിനിടെയാണ് തോക്കിൽ നിന്ന് വെടിപൊട്ടിയതെന്ന് ഫ്ലോറിഡയിലെ ഒസിയോള കൗണ്ടി പൊലീസ് അറിയിച്ചു.
കിസിമ്മിയിലെ ഒരു വാടക വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ദാരുണമായ സംഭവം നടന്നത്. ജോർജിയയിലെ ലൂയിസ്‌വില്ലിൽ നിന്ന് ഫ്ലോറിഡയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ഈ കുടുംബം. വെടിയേറ്റ ബ്രെയ്‌ഡൻ ടെന്നിസൺ എന്ന രണ്ട് വയസുകാരൻ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച കുഞ്ഞിന് മൂന്ന് വയസ് തികയാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്. അശ്രദ്ധ വരുത്തിവെച്ച വലിയ ദുരന്തംകുടുംബാംഗങ്ങൾ കാറിന് പുറത്തിറങ്ങി വാടക വീട്ടിലേക്ക് കയറാൻ ഒരുങ്ങുന്ന സമയത്താണ് വണ്ടിക്കുള്ളിൽ നിന്ന് വെടിയൊച്ച കേൾക്കുന്നത്. കുട്ടികൾ രണ്ടുപേരും മാത്രമായിരുന്നു ആ സമയത്ത് കാറിനുള്ളിൽ ഉണ്ടായിരുന്നത്. ബ്രെയ്‌ഡന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഹാൻഡ്‌ഗൺ എന്ന് പൊലീസ് സ്ഥിരീകരിച്ചു.
തുറന്ന രീതിയിൽ, യാതൊരു സുരക്ഷയുമില്ലാതെയാണ് തോക്ക് കാറിനുള്ളിൽ വെച്ചിരുന്നതെന്ന് ഒസിയോള കൗണ്ടി ഷെരീഫ് ക്രിസ് ബ്ലാക്ക്മാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “തോക്ക് ഒരു ഉറയിൽ എങ്കിലും സൂക്ഷിച്ചിരുന്നെങ്കിൽ കുട്ടിക്ക് അത് പെട്ടെന്ന് എടുത്ത് ഉപയോഗിക്കാൻ പാടായിരുന്നേനെ. എന്നാൽ ഇവിടെ തോക്ക് പൂർണ്ണമായും തുറന്ന നിലയിലായിരുന്നു. നാല് വയസുകാരൻ അത് എളുപ്പത്തിൽ എടുത്ത് ട്രിഗർ അമർത്തുകയായിരുന്നു. ഇതൊരു വീഡിയോ ഗെയിമല്ല, സംഭവിച്ച ഒന്നിനെ നമുക്ക് റീസെറ്റ് ചെയ്ത് തിരിച്ചുവിളിക്കാൻ കഴിയില്ല,” ഷെരീഫ് ക്രിസ് ബ്ലാക്ക്മാൻ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ കേസ് സജീവമായ അന്വേഷണ ഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പ്രൊസിക്യൂട്ടർമാർ തയ്യാറായിട്ടില്ല.
Gun left in car turns villainous; Two-year-old dies tragically after being shot by four-year-old’s toy gun















