ഒറിഗണിൽ വിമാനത്താവളത്തിന് സമീപം രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

അമേരിക്കയിലെ ഒറിഗണിൽ വിമാനത്താവളത്തിന് സമീപം രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്തുവച്ച് കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മക്മിൻവിൽ മുനിസിപ്പൽ വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. റോബിൻസൺ ആർ22, എയർബസ് ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. തുടർന്ന് രണ്ടും ഹൈവേയ്ക്ക് സമീപമുള്ള വയലിൽ തകർന്നുവീണു.

മരിച്ചവരിൽ 22 വയസ്സുള്ള ടെക്സസ് സ്വദേശിയായ ഫ്ലൈറ്റ് ഇൻസ്ട്രക്ടറും 31 വയസ്സുള്ള ബ്രിട്ടീഷ് വിദ്യാർഥി പൈലറ്റും ഉൾപ്പെടുന്നു. ഇരുവരും റോബിൻസൺ ആർ22 ഹെലികോപ്റ്ററിലായിരുന്നു. മറ്റൊരു ഹെലികോപ്റ്ററിലുണ്ടായിരുന്ന 38 വയസ്സുകാരനായ ഒറിഗൺ സ്വദേശി ടൈലർ ഡെലെയ്ൻ സ്റ്റർഡിവന്റും മരിച്ചു. ഫ്ലൈറ്റ് ഇൻസ്ട്രക്ടറെ മാഡി ആസ്ബോ എന്നാണു തിരിച്ചറിഞ്ഞത്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്എഎ) നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻടിഎസ്ബി) അന്വേഷണം ആരംഭിച്ചു. അറ്റകുറ്റപ്പണികൾക്കുശേഷമുള്ള പരിശോധനാ പറക്കലിലായിരുന്നു എയർബസ് ഹെലികോപ്റ്റർ. പരിശീലന പറക്കലിലായിരുന്നു റോബിൻസൺ ആർ22.

വിമാനത്താവളത്തിന് കൺട്രോൾ ടവർ ഇല്ലാത്തതിനാൽ പൈലറ്റുമാർ തന്നെ ടേക്ക് ഓഫും ലാൻഡിങ്ങും സംബന്ധിച്ച വിവരങ്ങൾ പൊതുവായ റേഡിയോ ഫ്രീക്വൻസിയിലൂടെ കൈമാറുകയാണ് പതിവെന്ന് എൻടിഎസ്ബി അന്വേഷണ ഉദ്യോഗസ്ഥൻ ഗ്രാന്റ് മിൽസ് പറഞ്ഞു. വിമാനത്താവളത്തിന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്ക്, ഭൂനിരപ്പിൽനിന്ന് 500 അടി ഉയരത്തിലായിരുന്നു കൂട്ടിയിടിയെന്നാണ് ദൃക്സാക്ഷികൾ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടകാരണമോ അന്നത്തെ കാലാവസ്ഥയോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല.

Three dead after two helicopters collide midair near Oregon airport

More Stories from this section

family-dental
witywide