ഷിക്കാഗോ ബിയേഴ്സ് സ്റ്റേഡിയം ആർലിങ്ടൺ ഹൈറ്റ്സിൽ തന്നെയെന്ന് സൂചന; വസ്തുനികുതി സംബന്ധിച്ച തർക്കങ്ങൾ അന്ത്യത്തിലേക്ക്

അനിൽ മറ്റത്തിക്കുന്നേൽ

ഷിക്കാഗോ: ഷിക്കാഗോ ബിയേഴ്സിന്റെ പുതിയ സ്റ്റേഡിയം സംബന്ധിച്ച് വർഷങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് പരിഹാരമാകുന്നു. ബിയേഴ്സിനെ ഇല്ലിനോയി സംസ്ഥാനത്തുതന്നെ നിലനിർത്താനുള്ള കരാറിലേക്ക് സംസ്ഥാന ഭരണകൂടവും ടീം അധികൃതരും അടുക്കുന്നതായാണ് സൂചന. ഷിക്കാഗോയിലെ ആർലിങ്ടൺ ഹൈറ്റ്സിൽ പുതിയ സ്റ്റേഡിയം നിർമിക്കാനുള്ള സാധ്യത സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നു.എൻഎഫ്എൽ കമ്മീഷണർ റോജർ ഗുഡൽ, ബിയേഴ്സിന്റെ ന്യൂനപക്ഷ ഓഹരിയുടമ പാറ്റ് റയാൻ, ഇല്ലിനോയി ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ, സംസ്ഥാന നിയമസഭാ നേതാക്കൾ എന്നിവർ നടത്തിയ ചർച്ചകളാണ് പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.

പ്രമുഖ ബിസിനസ് മാധ്യമമായ ക്രെയ്ൻസ് ചിക്കാഗോ ബിസിനസിന്റെ റിപ്പോർട്ട് പ്രകാരം, സ്റ്റേഡിയം നിർമാണത്തിന് വഴിയൊരുക്കുന്ന പുതിയ നിയമനിർമാണം നവംബറിൽ ഇല്ലിനോയി നിയമസഭയുടെ പരിഗണനയ്ക്കെത്തിയേക്കും. ഈ നിർദേശം അംഗീകരിക്കപ്പെട്ടാൽ വർഷങ്ങളായി തടസ്സമായി നിന്നിരുന്ന വസ്തുനികുതി സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

പുതിയ നിർദേശപ്രകാരം ആർലിങ്ടൺ ഹൈറ്റ്സ് പോലുള്ള പ്രാദേശിക ഭരണകൂടങ്ങൾക്ക് സ്റ്റേഡിയം അതോറിറ്റി രൂപീകരിക്കാൻ അനുമതി നൽകും. ഈ അതോറിറ്റിയുടെ ഉടമസ്ഥതയിലായിരിക്കും പുതിയ സ്റ്റേഡിയം . നിർമാണച്ചെലവ് ചിക്കാഗോ ബിയേഴ്സ് തന്നെ വഹിക്കുകയും പൊതുഉടമസ്ഥതയിലുള്ള സംവിധാനത്തിലൂടെ പ്രവർത്തനം നടത്തുകയും ചെയ്യുന്നതാണ് പരിഗണനയിലുള്ള പദ്ധതി. ഇതിലൂടെ സ്റ്റേഡിയത്തിന് സാധാരണ സ്വകാര്യ വാണിജ്യസ്ഥാപനങ്ങൾക്ക് ബാധകമായ വസ്തുനികുതി ഒഴിവാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.എന്നാൽ സ്റ്റേഡിയത്തിലേക്കുള്ള റോഡുകൾ, ഗതാഗത സൗകര്യങ്ങൾ, മറ്റ് അടിസ്ഥാനസൗകര്യ വികസനങ്ങൾ എന്നിവയ്ക്കായി പൊതുപണം ചെലവഴിക്കേണ്ടിവന്നേക്കും. ഈ ചെലവുകളുടെ ബാധ്യതയും നികുതിദായകരുടെ താൽപര്യസംരക്ഷണവുമാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.

ഇല്ലിനോയിയിൽ നികുതി സംബന്ധിച്ച ധാരണയിലെത്താൻ കഴിയാത്തതിനെത്തുടർന്ന് ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യാനയിലെ ഹാമണ്ടിൽ പുതിയ സ്റ്റേഡിയം നിർമിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് ബിയേഴ്സ് അധികൃതർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഇല്ലിനോയിയിലെ പുതിയ ചർച്ചകൾ വിജയകരമായാൽ ഇന്ത്യാനയിലേക്കുള്ള സ്ഥലംമാറ്റം ഒഴിവാകാനുള്ള സാധ്യതയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അതേസമയം, ഇന്ത്യാന പദ്ധതി ഉപേക്ഷിച്ചതായി ബിയേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

326 ഏക്കറിൽ വൻ വികസന പദ്ധതി

ആർലിങ്ടൺ ഹൈറ്റ്സിലെ മുൻ ആർലിങ്ടൺ ഇന്റർനാഷണൽ റേസ്‌കോഴ്സിന്റെ 326 ഏക്കർ ഭൂമിയാണ് പുതിയ സ്റ്റേഡിയത്തിനായി പരിഗണിക്കുന്നത്. ഈ സ്ഥലം ബിയേഴ്സ് നേരത്തേതന്നെ സ്വന്തമാക്കിയതാണ്.മേൽക്കൂരയുള്ള ആധുനിക സ്റ്റേഡിയത്തിനൊപ്പം ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, വ്യാപാരകേന്ദ്രങ്ങൾ, വിനോദസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ വികസനപദ്ധതിയാണ് ടീം വിഭാവനം ചെയ്യുന്നത്.

ഇത് ആർലിങ്ടൺ ഹൈറ്റ്സിലും സമീപപ്രദേശങ്ങളിലും തൊഴിലവസരങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും വർധിപ്പിക്കുമെന്നാണ് പദ്ധതിയെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ.

നവംബർ 17-ന് ആരംഭിക്കുന്ന ഇല്ലിനോയി നിയമസഭയുടെ പ്രത്യേക വീറ്റോ സെഷനാണ് ഇനി നിർണായകമാകുക. പുതിയ സ്റ്റേഡിയം അതോറിറ്റി സംബന്ധിച്ച നിയമനിർമാണം ഈ സമ്മേളനത്തിൽ പരിഗണിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

ഇല്ലിനോയി നിയമസഭയും ബിയേഴ്സ് മാനേജ്മെന്റും ധാരണയിലെത്തിയാൽ, ഷിക്കാഗോയിലെ ഏറ്റവും വലിയ കായിക-വാണിജ്യ വികസന പദ്ധതികളിലൊന്നിന് ആർലിങ്ടൺ ഹൈറ്റ്സിൽ തുടക്കമാകാൻ വഴിയൊരുങ്ങും.

More Stories from this section

family-dental
witywide