
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറുടെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ‘അഫിനിറ്റി പാർട്ണേഴ്‌സ്’ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ട് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റിക് അംഗം രംഗത്ത്. ഇസ്രായേലിന്റെ സൈനിക നീക്കങ്ങളിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്ന ഒരു ഇസ്രായേലി കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമ കുഷ്‌നറുടെ സ്ഥാപനമാണെന്ന സി.എൻ.എൻ അന്വേഷണാത്മക റിപ്പോർട്ടിന് പിന്നാലെയാണ് ഈ നീക്കം.
പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ കുടുംബവും തങ്ങളുടെ ഭരണസ്വാധീനം ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന അപകടകരമായ രീതികളെക്കുറിച്ച് സമിതിയിലെ ഡെമോക്രാറ്റുകൾ അന്വേഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിനിധി സഭാംഗം റോബർട്ട് ഗാർഷ്യ അഫിനിറ്റി പാർട്ണേഴ്‌സിന് തിങ്കളാഴ്ച കത്തയച്ചു. കുഷ്‌നർ മിഡിൽ ഈസ്റ്റിൽ നടത്തിയ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ കൈമാറണമെന്നും, അദ്ദേഹത്തിന്റെ വൻ സാമ്പത്തിക നേട്ടങ്ങൾ അമേരിക്കൻ ജനതയുടെ സുരക്ഷയെ അപകടപ്പെടുത്തിയാണോ നേടിയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കാലിഫോർണിയയിൽ നിന്നുള്ള ജനപ്രതിനിധിയായ ഗാർഷ്യ കത്തിൽ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തിരിച്ചുപിടിച്ചാൽ ട്രംപിന്റെ കുടുംബാംഗങ്ങളുടെ അന്താരാഷ്ട്ര ബിസിനസ് ഇടപാടുകളെക്കുറിച്ച് വിപുലമായ അന്വേഷണം നടത്താൻ ഡെമോക്രാറ്റുകൾ തയ്യാറെടുക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ കത്ത് വിലയിരുത്തപ്പെടുന്നത്.
എന്നാൽ, ഗാർഷ്യയുടെ ആരോപണങ്ങളെ പരിഹസിച്ചുകൊണ്ട് കുഷ്‌നറുടെ അഭിഭാഷകൻ രംഗത്തെത്തി. സി.എൻ.എൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന ഇസ്രായേലി ധനകാര്യ സ്ഥാപനമായ ഫീനിക്സ് ഫിനാൻഷ്യലിലും ഇസ്രായേലിലെ ഏറ്റവും വലിയ ആയുധ നിർമ്മാതാക്കളായ എൽബിറ്റ് സിസ്റ്റംസിലും ഗാർഷ്യയ്ക്ക് തന്നെ നിക്ഷേപമുണ്ടെന്ന് അഭിഭാഷകൻ ആരോപിച്ചു. ഗാർഷ്യയുടെ പെൻഷൻ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന കാലിഫോർണിയ പബ്ലിക് എംപ്ലോയീസ് റിട്ടയർമെന്റ് സിസ്റ്റത്തിനും ടീച്ചേഴ്സ് റിട്ടയർമെന്റ് സിസ്റ്റത്തിനും ഈ കമ്പനികളിൽ ഓഹരി പങ്കാളിത്തമുണ്ടെന്നാണ് അഭിഭാഷകന്റെ വാദം. കുഷ്‌നർ നടത്തുന്ന നിക്ഷേപങ്ങളെ ചോദ്യം ചെയ്യുന്നതിന് മുൻപ് ഗാർഷ്യ സ്വന്തം നിക്ഷേപങ്ങളെക്കുറിച്ചാണ് അന്വേഷിക്കേണ്ടതെന്നും, ഫീനിക്സ് കമ്പനി എന്ത് വാങ്ങണം വിൽക്കണം എന്ന് തീരുമാനിക്കുന്നതിൽ കുഷ്‌നർക്ക് പങ്കില്ലെന്നും അദ്ദേഹം വാദിച്ചു.
അതേസമയം, കുഷ്‌നറുടെ ക്രമക്കേടുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അഭിഭാഷകൻ ശ്രമിക്കുന്നതെന്ന് ഗാർഷ്യയുടെ വക്താവ് സാറ ഗ്വെറേറോ വ്യക്തമാക്കി. ഗാർഷ്യ നേരിട്ട് ഓഹരി വ്യാപാരം നടത്തുന്നില്ലെന്നും ദശലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെപ്പോലെ പൊതു പെൻഷൻ ഫണ്ടുകളുടെ പ്രവർത്തനത്തിൽ അദ്ദേഹത്തിന് യാതൊരു നിയന്ത്രണവുമില്ലെന്നും അവർ വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന് വേണ്ടി മിഡിൽ ഈസ്റ്റിൽ അനൗദ്യോഗിക സമാധാന ദൂതനായി സഞ്ചരിക്കുന്നതിനിടയിലാണ് കുഷ്‌നർ അവിടുത്തെ കമ്പനികളുമായി കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകൾ നടത്തുന്നതെന്നും, ഇത് വ്യക്തമായ താല്പര്യ വൈരുദ്ധ്യവും അഴിമതി സാധ്യതയും ഉയർത്തുന്നതിനാൽ കോൺഗ്രസിന്റെ കർശന പരിശോധന അനിവാര്യമാണെന്നും ഗാർഷ്യ കത്തിൽ ആവർത്തിച്ചു.













