
വാഷിംഗ്ടൺ: മുൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ആരോഗ്യനില കൂടുതൽ വഷളായതായി റിപ്പോർട്ട്. അദ്ദേഹത്തെ ബാധിച്ച പ്രോസ്റ്റേറ്റ് കാൻസർ അസ്ഥികൾക്കും അപ്പുറത്തേക്ക് പടർന്നതായും കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും മകൻ ഹണ്ടർ ബൈഡൻ വെളിപ്പെടുത്തി. ബിബിസിയുടെ ‘ന്യൂസ്‌നൈറ്റ്’ പരിപാടിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹണ്ടർ ബൈഡൻ പിതാവിൻ്റെ ആരോഗ്യസ്ഥിതി പങ്കുവെച്ചത്.
കാൻസർ കോശങ്ങൾ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന അവസ്ഥയിലാണെന്നും, രോഗം ബൈഡനെ ശാരീരികമായി ഏറെ തളർത്തിയതായും ഹണ്ടർ പറഞ്ഞു. എന്നാൽ ഈ പ്രസ്താവനകളോട് പ്രതികരിക്കാൻ ബൈഡൻ്റെ ഔദ്യോഗിക വക്താവ് തയ്യാറായിട്ടില്ല. കടുത്ത പ്രോസ്റ്റേറ്റ് കാൻസർ ബാധിതനാണെന്ന വിവരം 83-കാരനായ ജോ ബൈഡൻ 2025 മേയിലാണ് ആദ്യമായി പുറത്തുവിട്ടത്. അപ്പോഴേക്കും രോഗം അസ്ഥികളിലേക്ക് പടർന്നിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ അദ്ദേഹം റേഡിയേഷൻ ചികിത്സയ്ക്കും ഹോർമോൺ തെറാപ്പിക്കും വിധേയനാണ്.
യുഎസ് ചരിത്രത്തിൽ പ്രസിഡൻ്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ബൈഡൻ, തൻ്റെ ഭരണകാലയളവിൽ (2021-2025) നിരന്തരം ആരോഗ്യ സംബന്ധമായ പൊതുവിമർശനങ്ങൾ നേരിട്ടിരുന്നു. എങ്കിലും രോഗാവസ്ഥയിലും പൊതുപരിപാടികളിൽ അദ്ദേഹം സജീവമായി തുടരുകയാണ്. കഴിഞ്ഞ ജൂണിൽ ഷിക്കാഗോയിൽ നടന്ന മുൻ പ്രസിഡൻ്റ് ബരാക് ഒബാമയുടെ പ്രസിഡൻഷ്യൽ ലൈബ്രറി സമർപ്പണ ചടങ്ങിലും ബൈഡൻ പങ്കെടുത്തിരുന്നു. 2009 മുതൽ 2017 വരെ ഒബാമയുടെ കീഴിൽ വൈസ് പ്രസിഡൻ്റായിരുന്നു അദ്ദേഹം. ബൈഡൻ്റെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുതിയ പുസ്തകം നവംബർ 17-ന് പുറത്തിറങ്ങാൻ നിശ്ചയിച്ചിട്ടുണ്ട്.
Joe Biden’s cancer has spread; son Hunter says condition is very serious













