യുഎസിൽ വിമാന സർവീസുകൾക്കുള്ള നിയന്ത്രണം പിൻവലിച്ചു; ആയിരക്കണക്കിന് സർവീസുകൾ തടസ്സപ്പെട്ടു, പ്രതിസന്ധി തുടർന്നേക്കും

അമേരിക്കയിൽ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് ആയിരക്കണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടതിന് പിന്നാലെ ഏർപ്പെടുത്തിയ രാജ്യവ്യാപക വിമാന നിയന്ത്രണം പിൻവലിച്ചു. വെള്ളിയാഴ്ച നാലുമണിക്കൂറിലേറെ നീണ്ട നിയന്ത്രണം ലക്ഷക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്. പ്രാദേശിക വിമാനഗതാഗത നിയന്ത്രണ കേന്ദ്രങ്ങളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. അസാധാരണ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഗതാഗത സെക്രട്ടറി സീൻ ഡഫി അറിയിച്ചു.

നിയന്ത്രണം പിൻവലിച്ചതോടെ വിമാനങ്ങൾക്ക് വീണ്ടും സർവീസ് നടത്താം. എന്നാൽ തടസ്സങ്ങളുടെ ആഘാതം വരും ദിവസങ്ങളിലും തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഫ്ലൈറ്റ് അവെയർ കണക്കുകൾ പ്രകാരം 10,000ത്തിലധികം വിമാനങ്ങൾ വൈകി. 4,000ത്തോളം സർവീസുകൾ റദ്ദാക്കുകയും ചെയ്തു. 2001ലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് യുഎസിൽ എല്ലാ പുറപ്പെടുന്ന വിമാനങ്ങൾക്കും ഒരേസമയം നിയന്ത്രണം ഏർപ്പെടുത്തുന്നത്. തകരാർ താൽക്കാലിക ടെലികമ്മ്യൂണിക്കേഷൻ തടസ്സമാണെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ) വ്യക്തമാക്കി.

അതേസമയം, രാജ്യത്തിന് നേരെ ഭീഷണിയുള്ളതായി സൂചനകളൊന്നുമില്ലെന്നും ഇത് മറ്റൊരു 9/11 ആക്രമണമല്ലെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ പറഞ്ഞു. മനഃപൂർവമായ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്നതിന് നിലവിൽ തെളിവില്ല. എങ്കിലും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാന സർവീസുകളിലെ തടസ്സം വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വാരാന്ത്യ സർവീസുകൾ റദ്ദാക്കാൻ വിമാനക്കമ്പനികൾ തുടങ്ങിയതായും ശനിയാഴ്ച മാത്രം 300ലധികം വിമാനങ്ങൾ റദ്ദാക്കിയതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

US lifts ground stop after thousands of US flights halted, but disruptions may last

More Stories from this section

family-dental
witywide