
വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യാനും പഠിക്കാനും ആഗ്രഹിക്കുന്ന വിദേശ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും തിരിച്ചടിയാകുന്ന തരത്തിൽ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. യുഎസിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹങ്ങളിലൊന്നായ ഇന്ത്യക്കാരെയാണ് പുതിയ നിർദേശങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കാനിടയുള്ളത്. എച്ച്-1ബി, എൽ-1, വിദ്യാർഥി വിസകൾ എന്നിവയുമായി ബന്ധപ്പെട്ട് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും തൊഴിൽ വകുപ്പും പുറത്തിറക്കിയ പുതിയ റെഗുലേറ്ററി അജണ്ടയിലാണ് നിർണായക മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. നിർദേശങ്ങൾ നിലവിൽ പ്രാബല്യത്തിൽ വന്നിട്ടില്ലെങ്കിലും, ഭരണകൂടത്തിന്റെ ഭാവി കുടിയേറ്റ നയത്തിന്റെ വ്യക്തമായ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
യുഎസ് കമ്പനികൾക്ക് വിദേശ പ്രൊഫഷണലുകളെ നിയമിക്കാൻ അനുവദിക്കുന്ന എച്ച്-1ബി വിസയുടെ യോഗ്യതാ മാനദണ്ഡങ്ങൾ ഓഗസ്റ്റോടെ കൂടുതൽ കർശനമാക്കാനാണ് നീക്കം. ഇന്ത്യൻ ഐടി, കൺസൾട്ടിംഗ് കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന ‘തേർഡ് പാർട്ടി ക്ലയന്റ് സൈറ്റ്’ മാതൃകയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കമ്പനിയും ജീവനക്കാരനും തമ്മിലുള്ള തൊഴിൽബന്ധം തെളിയിക്കുന്ന അധിക രേഖകൾ നിർബന്ധമാക്കുമെന്നും സൂചനയുണ്ട്.
കൂടാതെ, എച്ച്-1ബി, എൽ-1 വിസകളിൽ വലിയ തോതിൽ വിദേശ ജീവനക്കാരെ നിലനിർത്തുന്ന കമ്പനികളിൽ നിന്ന് വിസ പുതുക്കലിനായി അധിക ഫീസ് ഈടാക്കാനും നിർദേശമുണ്ട്. ഇത് കമ്പനികളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന കമ്പനികൾ നൽകേണ്ട ഏറ്റവും കുറഞ്ഞ ശമ്പളവും ഉയർത്താനാണ് തൊഴിൽ വകുപ്പിന്റെ നിർദേശം. നിലവിലെ 17-ാം പെർസെന്റൈൽ ശമ്പളനിരക്കിൽ നിന്ന് 34-ാം പെർസെന്റൈലിലേക്ക് ഉയർത്താനാണ് പദ്ധതി. ഇതോടെ വിദേശ പ്രൊഫഷണലുകളെ നിയമിക്കുന്നത് കമ്പനികൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ അനിശ്ചിതത്വത്തെ തുടർന്ന് നിരവധി ഇന്ത്യൻ ഐടി വിദഗ്ധർ സ്ഥിരതാമസത്തിനായി ബ്രിട്ടൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിദ്യാർഥി വിസകൾക്കും നിയന്ത്രണം
2024-25 അധ്യയന വർഷത്തിൽ 3.6 ലക്ഷത്തിലധികം വിദ്യാർഥികളുമായി യുഎസിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർഥി സമൂഹമായി ഇന്ത്യ മാറിയ സാഹചര്യത്തിൽ, പുതിയ വിദ്യാർഥി വിസ നിർദേശങ്ങളും ഇന്ത്യൻ വിദ്യാർഥികളെ നേരിട്ട് ബാധിക്കാനിടയുണ്ട്. നിലവിലുള്ള ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ സംവിധാനം അവസാനിപ്പിക്കാനാണ് അമേരിക്ക ആലോചിക്കുന്നത്. നിലവിൽ പഠനം തുടരുന്ന കാലം മുഴുവൻ യുഎസിൽ തുടരാൻ അനുവദിക്കുന്ന സംവിധാനത്തിന് പകരം, നിശ്ചിത കാലാവധിയുള്ള വിസ മാത്രമായിരിക്കും അനുവദിക്കുക. തുടർന്ന് പഠനം തുടരാൻ പ്രത്യേക വിസ വിപുലീകരണത്തിന് അപേക്ഷിക്കേണ്ടി വരും.
വിദ്യാർഥികൾക്ക് പഠനശേഷം തൊഴിൽപരിചയം നേടാൻ അവസരമൊരുക്കുന്ന ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) പദ്ധതിയുമായി ബന്ധപ്പെട്ട നിയമങ്ങളും 2027 ഫെബ്രുവരിയോടെ കൂടുതൽ കർശനമാക്കാനാണ് നിർദേശം.
എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് നൽകുന്ന എച്ച്-4 വിസയിലെ തൊഴിൽ അനുമതിപത്രങ്ങളുടെ യാന്ത്രിക കാലാവധി നീട്ടൽ ഈ മാസം മുതൽ അവസാനിപ്പിക്കാനും സാധ്യതയുണ്ട്. ഗ്രീൻ കാർഡിനായി വർഷങ്ങളായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് ആശങ്ക. തൊഴിൽ അനുമതി പുതുക്കുന്നതിൽ ചെറിയ കാലതാമസം വന്നാൽ പോലും യുഎസിൽ ജോലി ചെയ്യാനുള്ള നിയമപരമായ അവകാശം താൽക്കാലികമായി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നിർദേശങ്ങൾ നിയമമാകുന്നതിന് മുമ്പ് പൊതുജനാഭിപ്രായ ശേഖരണം, ഔദ്യോഗിക അനുമതികൾ, നിയമപരമായ പരിശോധനകൾ എന്നിവ പൂർത്തിയാകേണ്ടതുണ്ട്. എന്നിരുന്നാലും, കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള ദിശയിലാണ് ട്രംപ് ഭരണകൂടം നീങ്ങുന്നതെന്ന് കുടിയേറ്റ നിയമവിദഗ്ധർ വിലയിരുത്തുന്നു.












