
വാഷിംഗ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇറ്റലിയും അമേരിക്കയും തമ്മിലുള്ള ബന്ധം പഴയതുപോലെയല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ അതൃപ്തി പരസ്യമാക്കിയത്. ഇറാൻ വിഷയത്തിൽ അമേരിക്കയെ സഹായിക്കാൻ വിസമ്മതിക്കുന്നവരുമായി പഴയ രീതിയിലുള്ള സൗഹൃദം തുടരാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മാർപ്പാപ്പയ്ക്ക് എതിരെയുള്ള ട്രംപിന്റെ പരാമർശങ്ങളെ മെലോണി വിമർശിച്ചതും ഇറാൻ യുദ്ധത്തിൽ പങ്കാളികളാകാൻ വിസമ്മതിച്ചതുമാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. മെലോണിയുടെ നിലപാടുകൾ നിഷേധാത്മകമാണെന്നും ഇറാൻ വിഷയത്തിൽ സഹകരിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറ്റലി അംഗമായ നാറ്റോ സഖ്യത്തിനെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു.
ഇറാൻ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ അമേരിക്കയ്‌ക്കൊപ്പം നിൽക്കാൻ തയ്യാറല്ലെങ്കിൽ എന്തിനാണ് നാറ്റോയ്ക്കായി പ്രതിവർഷം ശതകോടിക്കണക്കിന് ഡോളർ ചെലവാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാത്ത സഖ്യകക്ഷികൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്. പാശ്ചാത്യ രാജ്യങ്ങൾക്കിടയിലെ ഈ ഭിന്നത ആഗോള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.














