ഇറാൻ വിചാരിക്കും പോലെയല്ല! ട്രംപ് അങ്ങനെ ചെയ്താൽ ജനങ്ങൾ കടുത്ത ദുരിതത്തിലാകും; ജനജീവിതം ദുസ്സഹമാകുമെന്ന് വിദഗ്ദ്ധ മുന്നറിയിപ്പ്

ടെഹ്റാൻ: ഇറാനിലെ ജനവാസ മേഖലകളിലെ കുടിവെള്ള, വൈദ്യുതി അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്രമണം നടത്തിയാൽ കഠിനമായ വേനൽച്ചൂടിൽ ഇറാന്റെ ജനങ്ങൾ കടുത്ത ദുരിതത്തിലാകുമെന്ന് പ്രമുഖ പ്രാദേശിക വിദഗ്ദ്ധൻ തൃതാ പാർസി മുന്നറിയിപ്പ് നൽകി. അമേരിക്കൻ തിങ്ക് ടാങ്കായ ‘ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റെസ്‌പോൺസിബിൾ സ്റ്റേറ്റ്‌ക്രാഫ്റ്റിന്റെ’ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ തൃതാ പാർസി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാന്റെ സമുദ്രജല ശുദ്ധീകരണ ശാലകൾ, വൈദ്യുതി ഗ്രിഡുകൾ, എണ്ണ സംഭരണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടായാൽ അത് യുദ്ധക്കുറ്റത്തിന് തുല്യമായിരിക്കുമെന്നും ജനങ്ങളുടെ ദുരിതം പതിന്മടങ്ങ് വർദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടുത്ത വേനൽക്കാലത്ത് വൈദ്യുതി തടസ്സപ്പെടുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും. ഇറാനിൽ വൻ ആക്രമണം നടത്തുന്നതിനായുള്ള പദ്ധതികളിൽ നിന്ന് താൻ തിങ്കളാഴ്ച പിന്മാറിയതായി ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ മുന്നറിയിപ്പ് പുറത്തുവന്നത്.

മുൻപ് നിശ്ചയിച്ചതുപോലെ ആക്രമണം നടന്നിരുന്നെങ്കിൽ ഇറാനിൽ ശേഷിക്കുന്നത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമായിരിക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. ദക്ഷിണ ഇറാനിൽ നിലവിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് (120 ഡിഗ്രി ഫാരൻഹീറ്റ്) മുകളിലാണ്. ചൂട് കടുത്തതോടെ എയർ കണ്ടീഷണറുകളുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ വഴി അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

അമേരിക്ക-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ പേർഷ്യൻ ഉൾക്കടൽ മേഖലയിലുള്ള നിരവധി സമുദ്രജല ശുദ്ധീകരണ ശാലകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ജൂലൈ മാസത്തിൽ ഇറാന്റെ തെക്കൻ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ഒരു സമുദ്രജല ശുദ്ധീകരണ ശാലയ്ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ 20 ഗ്രാമങ്ങളിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നതായി പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ അറിയിച്ചിരുന്നു. കുവൈത്തിലെ ഒരു കുടിവെള്ള കേന്ദ്രത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

More Stories from this section

family-dental
witywide