
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒന്ന് അല്ലെങ്കിൽ രണ്ട് ദിവസത്തിനകം ഇറാനുമായി കരാറിലെത്താൻ സാധിച്ചേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. സിഎൻബിസി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങൾ നിലവിൽ ഇറാനുമായി ചർച്ചകൾ നടത്തിവരികയാണെന്നും ഇന്നും നാളെയുമായി ധാരണയിലെത്തി കടലിടുക്ക് തുറക്കാനും സംഘർഷാവസ്ഥ ലഘൂകരിച്ച് കാര്യങ്ങൾ സാധാരണ നിലയിലാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെസന്റ് പറഞ്ഞു.
കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ ടെഹ്‌റാന് അനുമതി നൽകുമോ എന്ന ചോദ്യത്തിന്, നിർദ്ദിഷ്ട കരാർ പൂർണ്ണമായ നാവിക സ്വാതന്ത്ര്യമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം മറുപടി നൽകി. കടലിടുക്കിലൂടെ തടസ്സമില്ലാതെ കപ്പലുകൾക്ക് സഞ്ചരിക്കാൻ സാധിക്കുമെന്നും, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിരവധി കപ്പലുകൾ നിലവിൽ തന്നെ പുറത്തേക്ക് കടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്ക് വിഷയം സംബന്ധിച്ച് ഇറാനുമായി ധാരണയിലെത്തുന്നത് ആഗോള ഇന്ധനവിലയിൽ വരുത്തുന്ന അനുകൂല മാറ്റങ്ങളെക്കുറിച്ച് ശുഭപ്രതീക്ഷയിലാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. നൂറുകണക്കിന് കപ്പലുകളാണ് നിലവിൽ മേഖലയിൽ നിന്ന് പുറത്തുകടക്കാൻ കാത്തുനിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിലെ സാഹചര്യങ്ങൾ അൽപ്പം സങ്കീർണ്ണമായി തുടരുകയാണെങ്കിലും, നിലവിൽ തന്നെ നിരവധി കപ്പലുകൾ പുറത്തേക്ക് നീങ്ങുന്നത് കാണാൻ സാധിക്കുന്നുണ്ടെന്ന് സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ബെസന്റ് പറഞ്ഞു.














