
വാഷിംഗ്ടൺ: ജൂണിൽ നടക്കാനിരിക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിലെ അമേരിക്കയുടെ ആദ്യ മത്സരം കാണാനുള്ള ടിക്കറ്റ് നിരക്ക് അമിതമാണെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയും പരാഗ്വേയും തമ്മിലുള്ള മത്സരത്തിൻ്റെ ടിക്കറ്റ് നിരക്ക് 1,000 ഡോളറിലെത്തിയ (ഏകദേശം 83,000 രൂപ) വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ സ്നേഹിക്കുന്ന സാധാരണക്കാർക്കും തനിക്ക് വോട്ട് ചെയ്തവർക്കും ഇത്തരം മത്സരങ്ങൾ കാണാൻ സാധിക്കാത്തതിൽ തനിക്ക് നിരാശയുണ്ടെന്ന് ട്രംപ് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. “ടിക്കറ്റ് വില ഇത്ര വലിയ സംഖ്യയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. കളി കാണാൻ അവിടെ ഉണ്ടാകണമെന്ന് എനിക്ക് തീർച്ചയായും ആഗ്രഹമുണ്ട്. പക്ഷേ സത്യം പറഞ്ഞാൽ, ഇത്രയും വലിയൊരു തുക ഞാനും നൽകില്ല. ക്വീൻസിലും ബ്രൂക്ലിനിലുമുള്ള സാധാരണക്കാർക്കും ഡൊണാൾഡ് ട്രംപിനെ സ്നേഹിക്കുന്നവർക്കും കളി കാണാൻ പോകാൻ കഴിയുന്നില്ലെങ്കിൽ എനിക്കതിൽ വലിയ നിരാശയുണ്ട്. അതേസമയം തന്നെ, ഈ ടൂർണമെന്റ് ഒരു വലിയ വിജയമായി മാറുന്നു എന്നതും വസ്തുതയാണ്. എനിക്ക് വോട്ട് ചെയ്ത ആളുകൾക്ക് കളി കാണാൻ പോകാൻ സാധിക്കണമെന്നാണ് എന്റെ ആഗ്രഹം.”- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഫിഫയുടെ (FIFA) ടിക്കറ്റ് വില്പന രീതിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മുൻപത്തെ ടൂർണമെന്റുകളിൽ നിന്ന് വ്യത്യസ്തമായി, ടീമുകളുടെ ജനപ്രീതി പരിഗണിച്ച് ടിക്കറ്റ് വില നിശ്ചയിക്കുന്ന രീതിയാണ് ഇത്തവണ ഫിഫ സ്വീകരിച്ചിരിക്കുന്നത്. ടിക്കറ്റുകൾ പുനർവിൽപ്പന നടത്തുമ്പോൾ 30 ശതമാനം ഫീസ് ഫിഫ ഈടാക്കുന്നതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജൂൺ 11-നാണ് ആരംഭിക്കുന്നത്. ജൂൺ 12-ന് ലോസ് ആഞ്ചലസിലാണ് അമേരിക്കയുടെ ആദ്യ മത്സരം നടക്കുന്നത്. ടിക്കറ്റ് വില വിവാദങ്ങൾക്കിടയിലും ലോകകപ്പ് വലിയ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
Trump against FIFA World Cup 2026 ticket prices















