വാഷിംഗ്ടണിൽ 250 പ്രമുഖരുടെ പ്രതിമകൾ വരുന്നു; ‘നാഷണൽ ഗാർഡൻ ഓഫ് അമേരിക്കൻ ഹീറോസ്’ പാർക്ക്’ നിർമ്മിക്കുമെന്ന് ട്രംപിൻ്റെ പ്രഖ്യാപനം

വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ 250-ാം സ്വാതന്ത്ര്യ വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്ത് ബൃഹത്തായ ശിൽപ ഉദ്യാനം നിർമ്മിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. ചരിത്രപ്രസിദ്ധമായ വെസ്റ്റ് പൊട്ടോമാക് പാർക്കിൽ “നാഷണൽ ഗാർഡൻ ഓഫ് അമേരിക്കൻ ഹീറോസ്” സ്ഥാപിക്കുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ചൈനീസ് ഭരണാധികാരി ഷി ജിൻപിംഗുമായുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം ബീജിംഗിൽ നിന്ന് മടങ്ങുന്നതിനിടെ തൻ്റെ ഔദ്യോഗിക ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രസിഡൻ്റ് ഈ വിവരം പുറത്തുവിട്ടത്. ചൈന സന്ദർശന വേളയിൽ വാസ്തുവിദ്യയുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവെച്ച നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒന്നായിരുന്നു ഇത്.

നിലവിൽ പൊട്ടോമാക് നദിക്കരയിൽ വെറുമൊരു ശൂന്യമായ നിലമായി കിടക്കുന്ന ഈ പ്രദേശത്തെ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പൊതു ഇടങ്ങളിലൊന്നാക്കി മാറ്റുമെന്ന് ട്രംപ് അവകാശപ്പെട്ടു. “പൂർത്തിയാകുമ്പോൾ, മനോഹരമായ ലാൻഡ്‌സ്‌കേപ്പിംഗും ആകർഷകമായ പ്രതിമകളും കൊണ്ട് വെസ്റ്റ് പൊട്ടോമാക് പാർക്ക് ഒരു ലോകോത്തര മാസ്റ്റർപീസ് ആയി മാറും,” അദ്ദേഹം തൻ്റെ പോസ്റ്റിൽ കുറിച്ചു.

അമേരിക്കൻ ചരിത്രത്തെയും സംസ്‌കാരത്തെയും സ്വാധീനിച്ച നൂറുകണക്കിന് പ്രമുഖ വ്യക്തികളെ ആദരിക്കുന്നതിനായാണ് ഈ പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തിൻ്റെ സ്ഥാപകർ, സൈനികർ, മതനേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ, ലോകോത്തര കായികതാരങ്ങൾ, കലാകാരന്മാർ എന്നിവരുൾപ്പെടെയുള്ളവരുടെ 250 ജീവൻ തുടിക്കുന്ന പ്രതിമകൾ ഇവിടെ സ്ഥാപിക്കും. കോബി ബ്രയൻ്റ്, മുഹമ്മദ് അലി (കായികം), എബ്രഹാം ലിങ്കൺ (രാഷ്ട്രീയം), അമേലിയ ഇയർഹാർട്ട്, സാലി റൈഡ് (വ്യോമയാനം/ശാസ്ത്രം), ക്രിസ്റ്റഫർ കൊളംബസ് (ചരിത്രം) തുടങ്ങിയ പ്രമുഖരുടെ പ്രതിമകൾ ഇതിൽ ഉൾപ്പെടുന്നു.

ട്രംപിന്റെ ഒന്നാം ഭരണകാലത്തിൻ്റെ അവസാന വർഷം (2020) മുതൽക്കേ ഈ പദ്ധതി അദ്ദേഹത്തിൻ്റെ സ്വപ്ന പദ്ധതിയായിരുന്നു. രണ്ടാം ഭരണകാലത്ത് ഇതിന് വലിയ വേഗത ലഭിക്കുന്നുണ്ടെങ്കിലും, പദ്ധതിയുടെ ഭീമമായ ചിലവ്, സമയക്രമം, നിർമ്മാണ അനുമതികൾ എന്നിവയെക്കുറിച്ച് ഇപ്പോഴും വലിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ജൂലൈയിലെ സ്വാതന്ത്ര്യ വാർഷിക ആഘോഷങ്ങൾക്ക് മുൻപ് ഈ ശിൽപ ഉദ്യാനത്തിൻ്റെ നിർമ്മാണം പൂർത്തിയാകാൻ സാധ്യതയില്ലെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും, അമേരിക്കയിലെയും ലോകത്തെമ്പാടുമുള്ളതുമായ ജനങ്ങൾക്ക് ചരിത്രപുരുഷന്മാരെക്കുറിച്ച് പഠിക്കാനും അവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും ഈ പാർക്ക് ഒരു മികച്ച കേന്ദ്രമാകുമെന്ന് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Trump announces the construction of a ‘National Garden of American Heroes’ park with statues of 250 prominent figures in Washington

More Stories from this section

family-dental
witywide