എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിന്റെ ബന്ധത്തിന് പിന്നിൽ ചാരബന്ധമില്ലെന്ന് ചൈനീസ് ഔദ്യോഗിക പത്രം

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ചൈന. ഹുവാങ്ങിനെ ചൈന ചാരവൃത്തിക്ക് ഉപയോഗിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കൻ മാധ്യമങ്ങൾ ചാരവൃത്തി ആരോപണങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ചൈനീസ് ഔദ്യോഗിക പത്രമായ ഗ്ലോബൽ ടൈംസ് വിമർശിച്ചു. യുഎസ്–ചൈന ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകൾ ഉണ്ടാകുമ്പോഴെല്ലാം ചിലർ അത് തകർക്കാൻ ശ്രമിക്കാറുണ്ടെന്നും പത്രം ആരോപിച്ചു.

ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലിസ് ഹുവാങുമായി ജെൻസൻ ഹുവാങ്ങിന് ബന്ധമുണ്ടായിരുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിവാദം ഉയർന്നത്. ഏഷ്യൻ വംശജയായ ഒരു സ്ത്രീയുടെ ചിത്രങ്ങളും എൻവിഡിയയുടെ ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള മുൻകാല ശ്രമങ്ങളും അജ്ഞാത ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങളുമാണ് ആരോപണത്തിന് ആധാരമാക്കിയതെന്ന് ഗ്ലോബൽ ടൈംസ് പറഞ്ഞു. വിവാഹേതര ബന്ധം സമ്മതിച്ചതിനെ ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ചാരപ്രവർത്തനത്തിന്റെ തെളിവായി ചിത്രീകരിക്കുകയാണെന്നും പത്രം കുറ്റപ്പെടുത്തി.

ഇത്തരം പ്രചാരണങ്ങൾ സാധാരണ സാങ്കേതിക-വ്യാപാര ബന്ധങ്ങളെ ബാധിക്കുകയും ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾക്ക് ദോഷം ചെയ്യുകയും ചെയ്യുമെന്ന് മുന്നറിയിപ്പും നൽകി. ചൈന ചാരവൃത്തി നടത്തിയെന്ന ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുനും പ്രതികരിച്ചു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ആലിസ് ഹുവാങ് ചൈനയ്ക്കുവേണ്ടി വിവരങ്ങൾ കൈമാറിയിരുന്നുവെന്ന് കണ്ടെത്തിയതായാണ് കഴിഞ്ഞ മാസം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.

അതിനിടെ, ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് എൻവിഡിയ ഡയറക്ടർ ബോർഡ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ ബന്ധം സമ്മതിച്ച ഹുവാങ് കുടുംബത്തോടും സഹപ്രവർത്തകരോടും ക്ഷമ ചോദിച്ചിരുന്നു.

China’s state-run newspaper denies Beijing’s link to Nvidia CEO Jensen Huang’s affair with alleged spy

More Stories from this section

family-dental
witywide