
വാഷിംഗ്ടൺ: യു.എസും കാനഡയും തമ്മിൽ നിലനിന്നിരുന്ന കടുത്ത വ്യാപാര തർക്കങ്ങൾക്ക് താത്കാലിക ആശ്വാസം. കാനഡയിൽ നിന്നുള്ള 20 ബില്യൺ യു.എസ് ഡോളർ മൂല്യമുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്താനിരുന്ന 50 ശതമാനം ഉയർന്ന താരിഫ് (ഇറക്കുമതി നികുതി) യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി നിർത്തിവെച്ചു. ഇരുരാജ്യങ്ങളും തമ്മിൽ അവസാന നിമിഷം കൈക്കൊണ്ട നിർണായക ധാരണയെത്തുടർന്നാണ് നടപടി.
ബുധനാഴ്ച പുലർച്ചെ 12:01-ന് കടുത്ത ഉപരോധങ്ങൾ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ നിർണായക പ്രഖ്യാപനം നടത്തിയത്. “രേഖകൾക്ക് അന്തിമരൂപം നൽകുന്നതിന് വിധേയമായി, കാനഡയും യു.എസ്.എയും തമ്മിൽ ഒരു കരാറിലെത്തിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ രാവിലെ മുതൽ നടപ്പിലാക്കേണ്ടിയിരുന്ന 50 ശതമാനം താരിഫുകൾ ഞാൻ മൂന്ന് ദിവസത്തേക്ക് ഒദ്യോഗികമായി നിർത്തിവെക്കുന്നു” – ട്രംപ് കുറിച്ചു.
ചരിത്രപരമായ സഖ്യകക്ഷികളായ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാതിരിക്കാൻ ഈ മൂന്ന് ദിവസത്തെ സാവകാശം സഹായിക്കുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ചർച്ചകൾ നടത്തി പ്രശ്നപരിഹാരം കണ്ടെത്താൻ ഈ സമയം ഇരുരാജ്യങ്ങളും വിനിയോഗിക്കും.
കാനഡയിൽ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് ഓരോ വർഷവും കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങളുടെ അഞ്ച് ശതമാനത്തെയാണ് ഈ പുതിയ നികുതി ഘടന ബാധിക്കുക. ഹോക്കി സ്റ്റിക്കുകൾ മുതൽ മെഡിക്കൽ രംഗത്ത് ഉപയോഗിക്കുന്ന ടങ് ഡിപ്രസ്സറുകൾ വരെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ പരിധിയിൽ വരുമായിരുന്നു.
സാമ്പത്തിക പ്രത്യാഘാതങ്ങളേക്കാൾ വലിയ രാഷ്ട്രീയ ചലനങ്ങളാണ് ഈ തർക്കം ഇരുരാജ്യങ്ങളിലും ഉണ്ടാക്കിയത്. യു.എസിന്റെ നികുതി വർദ്ധനവിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും സ്വന്തം നിലയിൽ കടുത്ത നികുതികൾ ചുമത്തുമെന്നും കാനഡയും മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം മാത്രം 880 ബില്യൺ യു.എസ് ഡോളറിന്റെ ചരക്കുകളും സേവനങ്ങളും പരസ്പരം വിറ്റഴിച്ച ഇരു വൻശക്തികളും തമ്മിലുള്ള തർക്കം ആഗോള വിപണിയെയും ആശങ്കയിലാഴ്ത്തിയിരുന്നു. പുതിയ കരാറോടെ തൽക്കാലത്തേക്ക് വലിയൊരു വ്യാപാരയുദ്ധ ഭീഷണിയാണ് ഒഴിഞ്ഞുപോയിരിക്കുന്നത്.
Trump changes course at the last minute; Temporary break on 50% import tariff against Canada















