
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ അമ്മാവൻ റഡാർ കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ഫാക്ട് ചെക്ക്. ഫ്ലോറിഡയിലെ പാം ബീച്ചിൽ 2026 ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ മുൻകൂട്ടിയുള്ള വോട്ടിംഗിനിടെ ഒക്ടോബർ 24-നാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ഭാര്യ മെലാനിയയ്ക്കൊപ്പമെത്തി സംസാരിക്കവെയാണ് തന്റെ അമ്മാവനാണ് റഡാർ കണ്ടുപിടിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടത്. ഇറാനുമായുള്ള യുഎസ് സംഘർഷത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
തന്റെ അമ്മാവനായ ജോൺ ട്രംപ് എംഐടിയിൽ നിന്നുള്ളയാളാണെന്നും അദ്ദേഹം റഡാർ കണ്ടുപിടിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നുണ്ടോ എന്നും ട്രംപ് ചോദിച്ചിരുന്നു. എന്നാൽ ട്രംപിന്റെ ഈ അവകാശവാദത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ഫാക്ട് ചെക്കുകൾ വന്നു. ജോൺ ട്രംപ് അല്ല റഡാർ കണ്ടുപിടിച്ചതെന്നും, സ്കോട്ടിഷ് ഭൗതികശാസ്ത്രജ്ഞനായ സർ റോബർട്ട് വാട്സൺ-വാട്ട് ആണ് 1935-ൽ റഡാർ കണ്ടുപിടിച്ചതെന്നും സമൂഹമാധ്യമ ഉപയോക്താക്കളും എക്സ് പ്ലാറ്റ്‌ഫോമിലെ കമ്മ്യൂണിറ്റി നോട്ടും വ്യക്തമാക്കി.
രണ്ടാം ലോകമഹായുദ്ധകാലത്ത് എംഐടിയുടെ റഡ് ലാബിൽ റഡാറിന്റെ വികസനത്തിലും പ്രവർത്തനത്തിലും ജോൺ ജി. ട്രംപ് പങ്കാളിയായിരുന്നുവെങ്കിലും അദ്ദേഹം അത് കണ്ടുപിടിച്ചിരുന്നില്ല. ഹൈ വോൾട്ടേജ് പ്രതിഭാസങ്ങൾ, ഇലക്ട്രോൺ ആക്സിലറേഷൻ, റേഡിയേഷൻ എന്നിവയിൽ വിദഗ്ദ്ധനായ എൻജിനീയറിങ് പ്രൊഫസറും ഭൗതികശാസ്ത്രജ്ഞനുമായിരുന്നു ഡോ. ജോൺ ട്രംപ്. ക്യാൻസർ ചികിത്സയ്ക്കുള്ള എക്സ്-റേ ജനറേറ്ററുകൾ അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്. 1943-ൽ നിക്കോള ടെസ്‌ലയുടെ മരണശേഷം അദ്ദേഹത്തിന്റെ രേഖകളും ഉപകരണങ്ങളും പരിശോധിക്കാൻ എഫ്.ബി.ഐ ചുമതലപ്പെടുത്തിയത് ഡോ. ജോൺ ട്രംപിനെയായിരുന്നു. 1985-ലാണ് അദ്ദേഹം അന്തരിച്ചത്.
ഡോണൾഡ് ട്രംപ് തന്റെ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും പലതവണ അമ്മാവനായ ജോൺ ട്രംപിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഇറാൻ കരാർ, ഉത്തരകൊറിയ തുടങ്ങിയ വിഷയങ്ങളിലെ തന്റെ നിലപാടുകളെ ന്യായീകരിക്കുന്നതിനായി മുൻകാലങ്ങളിലും ട്രംപ് തന്റെ അമ്മാവന്റെ ആണവ ഭൗതികശാസ്ത്രത്തിലെ അറിവുകളെക്കുറിച്ച് സംസാരിച്ചിരുന്നു.














