കാലിഫോർണിയയിൽ വീണ്ടും ജനവിധി തേടി റോ ഖന്ന; എതിരാളിയായി റിതേഷ് ടണ്ടൻ

അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് കാലിഫോർണിയയിലെ 17-ാം കോൺഗ്രസ് മണ്ഡലത്തിൽനിന്ന് വീണ്ടും ജനവിധി തേടുകയാണ് ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് നേതാവ് റോ ഖന്ന. മറ്റൊരു ഇന്ത്യൻ വംശജനായ റിതേഷ് ടണ്ടനാണ് എതിരാളി. പ്രൈമറി തിരഞ്ഞെടുപ്പിൽ 62.3 ശതമാനം വോട്ട് നേടിയ ഖന്ന പൊതുതിരഞ്ഞെടുപ്പിലേക്ക് മുന്നേറി. ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളിലൊരാളാണ് അദ്ദേഹം. 2016ൽ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖന്ന 2017 ജനുവരിയിലാണ് ചുമതലയേറ്റത്. സിലിക്കൺ വാലിയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

2022ലെ ചിപ്‌സ് ആൻഡ് സയൻസ് നിയമത്തിന് രൂപം നൽകിയ ബില്ലിന്റെ സഹരചയിതാവായിരുന്നു. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് വാണിജ്യ വകുപ്പിൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1976 സെപ്റ്റംബർ 13ന് പെൻസിൽവേനിയയിലെ ഫിലഡൽഫിയയിൽ ഇന്ത്യൻ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനായാണ് ഖന്ന ജനിച്ചത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മുത്തച്ഛൻ അമർനാഥ് വിദ്യാലങ്കർ ലാലാ ലജ്പത് റായിയോടൊപ്പം പ്രവർത്തിക്കുകയും ബ്രിട്ടീഷ് ഭരണത്തിനെതിരെ നിലപാടെടുത്തതിന്റെ പേരിൽ നാലുവർഷം ജയിലിൽ കഴിയുകയും ചെയ്തിരുന്നു.

ഷിക്കാഗോ സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും യേൽ ലോ സ്കൂളിൽനിന്ന് നിയമബിരുദവും നേടിയ ഖന്ന രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് അഭിഭാഷകനായി ജോലി ചെയ്തു. സ്റ്റാൻഫഡ് സർവകലാശാലയിൽ സാമ്പത്തികശാസ്ത്രം പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ റിതു ഖന്നയ്ക്കും രണ്ട് മക്കൾക്കുമൊപ്പം കാലിഫോർണിയയിലെ ഫ്രീമോണ്ടിലാണ് താമസം.

ജീവിതച്ചെലവ് കുറയ്ക്കുക, ആരോഗ്യപരിരക്ഷ വിപുലീകരിക്കുക, വിദ്യാഭ്യാസം കൂടുതൽ താങ്ങാനാകുന്ന ചെലവിൽ ലഭ്യമാക്കുക എന്നിവയ്ക്കാണ് ഖന്നയുടെ പ്രചാരണത്തിൽ മുൻഗണന. എല്ലാവർക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന മെഡികെയർ ഫോർ ഓൾ പദ്ധതിയെയും താങ്ങാനാകുന്ന നിരക്കിലുള്ള വീടുകൾ, ശിശുപരിപാലന സഹായം, മരുന്നുവില കുറയ്ക്കൽ എന്നിവയെയും അദ്ദേഹം പിന്തുണയ്ക്കുന്നു. മിനിമം വേതനം മണിക്കൂറിന് 17 ഡോളറായി ഉയർത്തുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിൽ യൂണിയനുകൾക്ക് പിന്തുണ നൽകുക എന്നിവയും പ്രധാന നിർദേശങ്ങളാണ്.

പരിസ്ഥിതി സംരക്ഷണം, ശുദ്ധമായ ഊർജമേഖലയിലെ നിക്ഷേപം, കോൺഗ്രസ് അംഗങ്ങളുടെ ഓഹരി വ്യാപാരത്തിന് നിരോധനം, വിദ്യാർഥികളുടെ വായ്പ എഴുതിത്തള്ളൽ പദ്ധതി വിപുലീകരിക്കൽ എന്നിവയ്ക്കായും ഖന്ന നിലകൊണ്ടിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിൽ ഫോസിൽ ഇന്ധന കമ്പനികളുടെ പങ്കിനെക്കുറിച്ച് ജനപ്രതിനിധി സഭയിൽ ഹിയറിങ്ങുകൾക്കും നേതൃത്വം നൽകി. കുടിയേറ്റ പരിഷ്കരണത്തെയും യോഗ്യരായ കുടിയേറ്റക്കാർക്ക് പൗരത്വം നേടാനുള്ള നിയമപരമായ വഴിയൊരുക്കുന്നതിനെയും ഖന്ന പിന്തുണയ്ക്കുന്നു. എച്ച്-1ബി വിസ ദുരുപയോഗം തടയാനും വിദേശ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകുന്നതും അവരെ ഉപയോഗിച്ച് അമേരിക്കൻ ജീവനക്കാരെ മാറ്റിസ്ഥാപിക്കുന്നതും തടയാനും നടപടികൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

കുടിയേറ്റ കുടുംബങ്ങളെയും കുട്ടികളെയും നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികളെ വിമർശിച്ച ഖന്ന, കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്ന ഐസിഇ ഏജൻസി നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലധിഷ്ഠിത പരിശീലനത്തിനും അപ്രന്റീസ്ഷിപ്പ് പദ്ധതികൾക്കും നിക്ഷേപം നടത്തി ഉയർന്ന വേതനമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

Ro Khanna, Indian American Congressman seeking re-election in California’s 17th Congressional District

More Stories from this section

family-dental
witywide