അമേരിക്കയിൽ ഭക്ഷ്യസുരക്ഷാ സർവേ നിർത്തലാക്കി ട്രംപ്; വിശപ്പിന്റെ തോത് വിലയിരുത്തൽ പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ: അമേരിക്കയിൽ ഭക്ഷ്യസുരക്ഷ വിലയിരുത്താൻ മൂന്ന് പതിറ്റാണ്ടായി ഉപയോഗിച്ചിരുന്ന കേന്ദ്രസർക്കാരിന്റെ സർവേ നിർത്തലാക്കിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം രാജ്യത്തെ വിശപ്പിന്റെ തോത് കൃത്യമായി അളക്കുന്നത് ദുഷ്കരമാക്കുമെന്ന് വിദഗ്ധർ. പ്രത്യേകിച്ച് ഭക്ഷ്യസഹായ പദ്ധതിയിലെ വെട്ടിക്കുറവുകൾ കുട്ടികളടക്കമുള്ള ദുർബല വിഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തുന്നതിനും ഇത് തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ജൂലൈയിൽ ട്രംപ് ഒപ്പുവെച്ച നികുതി-ചെലവ് നിയമത്തിന്റെ ഭാഗമായി സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാമിൽ (SNAP) വ്യാപക മാറ്റങ്ങളാണ് വരുത്തിയത്. പദ്ധതിയുടെ ചെലവിന്റെ വലിയൊരു ഭാഗം സംസ്ഥാനങ്ങളുടെ ചുമതലയിലാക്കുകയും തൊഴിൽ സംബന്ധിച്ച നിബന്ധനകൾ കർശനമാക്കുകയും ചെയ്തു. ഇതോടെ ഇതുവരെ ഏകദേശം 47 ലക്ഷം പേർക്ക് ഭക്ഷ്യസഹായ ആനുകൂല്യം നഷ്ടമായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് പദ്ധതിയിലെ ആകെ ഗുണഭോക്താക്കളിൽ 11 ശതമാനത്തോളമാണ്. സംസ്ഥാനങ്ങൾ പുതിയ വ്യവസ്ഥകൾ പൂർണമായി നടപ്പാക്കുന്നതോടെ കൂടുതൽ പേർക്ക് ആനുകൂല്യം നഷ്ടമാകുമെന്നാണ് വിലയിരുത്തൽ.

ഇതിനിടെ, കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ടോയെന്ന് വിലയിരുത്താൻ യു.എസ്. കാർഷിക വകുപ്പ് (USDA) 30 വർഷമായി നടത്തിയിരുന്ന ഭക്ഷ്യസുരക്ഷാ സർവേ കഴിഞ്ഞ സെപ്റ്റംബറിൽ ട്രംപ് ഭരണകൂടം റദ്ദാക്കി. സർവേ “അനാവശ്യവും ചെലവേറിയതും രാഷ്ട്രീയവൽക്കരിക്കപ്പെട്ടതുമാണ്” എന്നായിരുന്നു യു.എസ്.ഡി.എയുടെ വിശദീകരണം.എന്നാൽ ഭക്ഷ്യസുരക്ഷ വിലയിരുത്താൻ ഏറ്റവും വിശ്വസനീയമായ പഠനമായിരുന്നു ഇതെന്ന് വിദഗ്ധർ പറയുന്നു. സർവേ ഇല്ലാതായതോടെ പുതിയ നയങ്ങളുടെ യഥാർഥ പ്രത്യാഘാതം മനസ്സിലാക്കുന്നത് കൂടുതൽ പ്രയാസകരമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.

1995 മുതൽ യു.എസ്. സെൻസസ് ബ്യൂറോ നടത്തിയ ഈ സർവേയിൽ, ഭക്ഷണക്കുറവ് കാരണം കുടുംബാംഗങ്ങൾ ഭക്ഷണം ഒഴിവാക്കിയിട്ടുണ്ടോ, പോഷകസമൃദ്ധമായ ഭക്ഷണം വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഡിസംബറിൽ പുറത്തുവിട്ട അവസാന റിപ്പോർട്ട് പ്രകാരം, അമേരിക്കയിലെ 13.7 ശതമാനം കുടുംബങ്ങൾ കഴിഞ്ഞ വർഷം ഏതെങ്കിലും ഘട്ടത്തിൽ ഭക്ഷ്യസുരക്ഷയില്ലായ്മ നേരിട്ടിരുന്നു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡ് കാലത്തെ ഭക്ഷ്യസഹായ പദ്ധതികൾ അവസാനിപ്പിച്ചതും പണപ്പെരുപ്പവും വിശപ്പ് വർധിക്കാൻ പ്രധാന കാരണങ്ങളായിരുന്നുവെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്.

Trump cut to food security survey could make measuring US hunger harder

More Stories from this section

family-dental
witywide