ഭീഷണിയും പ്രശംസയും ഒരുമിച്ച്; നാറ്റോ ഉച്ചകോടിയിൽ സഖ്യരാജ്യങ്ങളെ ആശയക്കുഴപ്പത്തിലാക്കി ട്രംപ്

അങ്കാറ: നാറ്റോ ഉച്ചകോടിയിൽ സഖ്യരാജ്യങ്ങളുടെ നേതാക്കളെ ഭീഷണിപ്പെടുത്തിയും പിന്നീട് പ്രശംസിച്ചും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ശ്രദ്ധനേടി. ഇറാൻ യുദ്ധത്തിൽ മതിയായ പിന്തുണ നൽകിയില്ലെന്ന് ആരോപിച്ച് ഉച്ചകോടിയുടെ തുടക്കത്തിൽ യൂറോപ്യൻ സഖ്യരാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ട്രംപ്, മണിക്കൂറുകൾക്കകം അതേ നേതാക്കളെ പ്രതിരോധ ചെലവ് വർധിപ്പിച്ചതിന്റെ പേരിൽ പ്രശംസിക്കുകയും ചെയ്തു.ഉച്ചകോടിക്കെത്തിയ ഉടൻ ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇറ്റലി എന്നിവ അമേരിക്കയുടെ ഇറാൻ സൈനിക നടപടിക്ക് വേണ്ടത്ര പിന്തുണ നൽകിയില്ലെന്ന് ട്രംപ് ആരോപിച്ചു.

പ്രതിരോധ ചെലവ് ഉയർത്താൻ തയ്യാറാകാത്തതിനാൽ സ്പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ പിന്നീട് നാറ്റോ നേതാക്കളുടെ അടച്ചിട്ട യോഗത്തിന് ശേഷം ട്രംപിന്റെ നിലപാട് മാറി. യൂറോപ്യൻ രാജ്യങ്ങൾ പ്രതിരോധ മേഖലയിലെ നിക്ഷേപം വർധിപ്പിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. യോഗം “സ്നേഹവും ഐക്യവും നിറഞ്ഞതായിരുന്നു” എന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയിൽ ഇറാനെതിരായ അമേരിക്കൻ ആക്രമണത്തെ അദ്ദേഹം പ്രശംസിച്ചു.

യൂറോപ്യൻ രാജ്യങ്ങളെ കൂടുതൽ പ്രതിരോധ ചെലവിലേക്ക് നയിച്ചതിലൂടെ ട്രംപ് നാറ്റോയെ ശക്തിപ്പെടുത്തിയെന്നും റുട്ടെ അഭിപ്രായപ്പെട്ടു .ഉച്ചകോടിക്കിടെ ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് വേണമെന്ന ആവശ്യം ട്രംപ് വീണ്ടും ആവർത്തിച്ചു. എന്നാൽ പിന്നീട് നടന്ന അടച്ചിട്ട നേതൃയോഗത്തിൽ സ്പെയിനിനെതിരായ ഭീഷണികളോ ഗ്രീൻലാൻഡിനെക്കുറിച്ചുള്ള പരാമർശങ്ങളോ അദ്ദേഹം ആവർത്തിച്ചില്ലെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ട്രംപുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്ന് വ്യക്തമാക്കി. യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയിലും ട്രംപ് അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്. ഉച്ചകോടിയുടെ സമാപനത്തിൽ നാറ്റോയുടെ ഐക്യത്തെ ട്രംപ് പ്രശംസിച്ചെങ്കിലും, യൂറോപ്പിൽ നിന്ന് കൂടുതൽ അമേരിക്കൻ സൈനികരെ പിൻവലിക്കുമെന്ന മുന്നറിയിപ്പ് വീണ്ടും ആവർത്തിച്ചു. ട്രംപിന്റെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ സഖ്യരാജ്യങ്ങളെ വീണ്ടും ആശയക്കുഴപ്പത്തിലാക്കിയതായി നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തി.

From threats to praise, Trump keeps allies guessing at NATO summit

More Stories from this section

family-dental
witywide