യുഎസിൽ ആയുധക്ഷാമമുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ട്രംപ്; വിവരങ്ങൾ ചോർത്തുന്നവർക്ക് ദീർഘകാല ജയിൽശിക്ഷയെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: അമേരിക്കയിൽ യുദ്ധസാമഗ്രികളുടെയും അത്യാധുനിക മിസൈലുകളുടെയും കുറവുണ്ടെന്ന വാർത്തകൾ പൂർണ്ണമായും തള്ളി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. രാജ്യത്ത് വൻതോതിൽ ആയുധശേഖരമുണ്ടെന്നും, തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തിൻ്റെ സുരക്ഷാ വിവരങ്ങൾ ചോർത്തുന്നവരെ വെറുതെ വിടില്ലെന്നും അവർക്ക് ദീർഘകാല ജയിൽ ശിക്ഷ ഉറപ്പാക്കുമെന്നും ട്രംപ് തൻ്റെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ശക്തമായി തുടരുന്നതിനിടെ, ലോങ് റേഞ്ച് ഗൈഡഡ് മിസൈലുകൾ, വ്യോമ പ്രതിരോധ ഇൻ്റർസെപ്റ്ററുകൾ എന്നിവയുടെ ദൗർലഭ്യം നേരിടുന്നുണ്ടെന്ന് യുഎസ് മാധ്യമമായ ‘വാഷിംഗ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിരുന്നു. ആയുധക്ഷാമത്തെ ചൊല്ലി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായി ട്രംപ് ക്യാബിനറ്റ് യോഗത്തിൽ തർക്കത്തിലേർപ്പെട്ടതായും വാർത്തകൾ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ ശക്തമായ പ്രതികരണം.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ നിർമ്മാണ ശാലകളും ഫാക്ടറികളുമാണ് പ്രതിരോധ കമ്പനികൾ ഇപ്പോൾ രാജ്യത്ത് നിർമ്മിച്ചുകൊണ്ടിരിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ യുദ്ധസാമഗ്രികൾ നിലവിൽ യുഎസിൻ്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഹെഗ്‌സെത്തുമായി ട്രംപ് തർക്കിച്ചുവെന്ന വാർത്തകൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും നിഷേധിച്ചിട്ടുണ്ട്.

എന്നാൽ, ആയുധശേഖരം പുതുക്കുന്നതിനായി പെൻ്റഗൺ കോൺഗ്രസിന് സമർപ്പിച്ച 67 ബില്യൺ ഡോളറിൻ്റെ അടിയന്തര ഫണ്ട് അഭ്യർത്ഥന ആയുധക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്. ഇതിൽ 18.2 ബില്യൺ ഡോളറും പാട്രിയറ്റ് ഇൻ്റർസെപ്റ്ററുകൾ, നേവി ടോമാഹോക്കുകൾ, താഡ് തുടങ്ങിയ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനാണ് മാറ്റിവെച്ചിരിക്കുന്നത്. ഇറാനുമായുള്ള തുടർച്ചയായ പോരാട്ടങ്ങൾ കാരണം യുഎസിൻ്റെ പാട്രിയറ്റ് ഇൻ്റർസെപ്റ്റർ ശേഖരത്തിൽ 65 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നാണ് പ്രമുഖ ഗവേഷണ സംഘടനയായ ‘സെൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസ്’ വ്യക്തമാക്കുന്നത്.

Trump denies reports of arms shortage in US; warns of long prison sentences for those who leak information

More Stories from this section

family-dental
witywide