എഐയുടെ പേര് തന്നെ മാറ്റി ട്രംപ്, ഇനി ‘സൂപ്പർ ഇന്‍റലിജൻസ്’; വളർച്ച തടയാനാവില്ല, സാങ്കേതിക നിയന്ത്രണങ്ങൾ തള്ളി പ്രസിഡന്‍റ്

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വികസനത്തിന് ആഗോളതലത്തിൽ നിയന്ത്രണം വേണമെന്ന പ്രമുഖ കമ്പനികളുടെയും സാങ്കേതിക വിദഗ്ധരുടെയും ആവശ്യങ്ങളെ പൂർണ്ണമായി തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് തന്റെ നിലപാട് പരസ്യമാക്കിയത്.

വ്യാവസായിക വിപ്ലവത്തെക്കാളും ഇന്റർനെറ്റിനെക്കാളും വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന ഒരു സാങ്കേതികവിദ്യയുടെ വളർച്ച തടയാൻ താൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം എ.ഐ എന്നതിന് പകരം ‘സൂപ്പർ ഇന്റലിജൻസ്’ (എസ്ഐ) എന്ന പദം ഉപയോഗിക്കാനുള്ള പദ്ധതിയും ട്രംപ് പ്രഖ്യാപിച്ചു. ഇനി മുതൽ യുഎസ് ഔദ്യോഗിക രേഖകളിൽ ഈ പദമായിരിക്കും ഉപയോഗിക്കുകയെന്നും, ഇത് കേൾക്കാൻ കൂടുതൽ അനുയോജ്യവും വ്യക്തവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എഐ മേഖലയിൽ ആര് വിജയിക്കുന്നുവോ അവരായിരിക്കും ലോകത്തിന്റെ ഭാവി നിർണ്ണയിക്കുകയെന്നും ട്രംപ് ആവർത്തിച്ചു. അതേസമയം, എഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്നും കർശന നിയമനിർമ്മാണം വേണമെന്നും ആന്ത്രോപിക്, ഓപ്പൺ എഐ തുടങ്ങിയ പ്രമുഖ ടെക് കമ്പനികളുടെ തലവന്മാരും ജനപ്രതിനിധികളും മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ട്രംപിന്റെ ഈ നിർണ്ണായക നിലപാട്. വരും ദിവസങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിയോടനുബന്ധിച്ച് എഐ മേഖലയെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്ക ഉന്നതതല യോഗം വിളിച്ചുചേർക്കുന്നുമുണ്ട്.

More Stories from this section

family-dental
witywide