
വാഷിംഗ്ടൺ: ലെബനനിലെ ഇസ്രായേൽ സൈനിക നീക്കം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മാത്രമേ സാധിക്കൂ എന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസറായ ഫവാസ് ഗെർഗസ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമേൽ യഥാർത്ഥ സ്വാധീനം ചെലുത്താൻ ട്രംപിന് കഴിയുമെന്നും അദ്ദേഹം സിഎൻഎന്നിനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ച ‘പത്ത് ദിവസത്തെ വെടിനിർത്തൽ’ കരാർ നിലനിൽക്കെത്തന്നെ ലെബനനിൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നിരീക്ഷണം.”ഇനി ഇസ്രായേൽ ലെബനനിൽ ബോംബാക്രമണം നടത്തില്ല, ഇത്രയും മതി” എന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും, അതിനുശേഷവും ലെബനനിൽ മാധ്യമപ്രവർത്തകരും സാധാരണക്കാരും കൊല്ലപ്പെടുന്ന സാഹചര്യമാണുണ്ടായത്. ഇതിനു തിരിച്ചടിയായി ഹിസ്ബുള്ളയും ഇസ്രായേൽ സൈന്യത്തിന് നേരെ ആക്രമണങ്ങൾ നടത്തുന്നുണ്ട്. സ്വയം പ്രതിരോധത്തിനായി ഇസ്രായേലിന് സൈനിക നടപടികൾ സ്വീകരിക്കാൻ അവകാശം നൽകുന്ന അമേരിക്കൻ ഉടമ്പടിയെ ഇസ്രായേൽ ദുരുപയോഗം ചെയ്യുകയാണെന്ന് ഗെർഗസ് കുറ്റപ്പെടുത്തി.ദക്ഷിണ ലെബനനിലെ ഇസ്രായേൽ അധിനിവേശ മേഖലകളിലേക്ക് അടുക്കുന്ന സാധാരണക്കാരെയും മാധ്യമപ്രവർത്തകരെയും പോലും ‘സ്വയം പ്രതിരോധത്തിന്റെ’ പേരിൽ ഇസ്രായേൽ ലക്ഷ്യം വെക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ വ്യക്തത വരുത്താൻ അമേരിക്കയുടെ നേതൃത്വത്തിൽ ഇസ്രായേലും ലബനാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ വാഷിംഗ്ടണിൽ നടക്കാനിരിക്കുകയാണ്. ട്രംപിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാൻ സാധിക്കൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.














