
ഫ്രാൻസിലെ ജീവിതച്ചെലവ് വർധനവിനെതിരെയുള്ള സമരം അക്രമാസക്തമായതിൽ രൂക്ഷ പരിഹാസവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസ് വിപ്ലവങ്ങളുടെ സ്വാഭാവിക കേന്ദ്രമാണെന്ന് തോന്നുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. “നമുക്ക് ഫ്രാൻസിലേക്ക് പോയാലോ? അതൊരു മനോഹരമായ സ്ഥലമാണ്, അക്രമങ്ങളില്ല! എന്നാൽ ഫ്രാൻസ് വിപ്ലവങ്ങൾക്ക് ഏറെ അനുയോജ്യമായ ഇടമാണ്. നമുക്ക് ഫ്രാൻസിൽ പോയി വിപ്ലവത്തിന്റെ ഭാഗമാകാം” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ കാലാവധി അവസാനിക്കാൻ ആറുമാസം മാത്രം ബാക്കിനിൽക്കെയാണ് രാജ്യത്ത് വിദ്യാർത്ഥി പ്രക്ഷോഭങ്ങളും വൻ സമരങ്ങളും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
ഫ്രാൻസിലെ ക്രമസമാധാന തകർച്ചയ്ക്ക് കാരണം തെറ്റായ കുടിയേറ്റ നയങ്ങളാണെന്ന് ആരോപിച്ചുകൊണ്ട് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും രംഗത്തെത്തി. വ്യത്യസ്തതയുടെയും കാരുണ്യത്തിന്റെയും പേരിൽ പാശ്ചാത്യ ലിബറലുകൾ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ളവരെ ഫ്രാൻസിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇറക്കുമതി ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഇതിന്റെ പ്രത്യാഘാതം ഇതായിരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും, ഫ്രാൻസിലെ ചരിത്ര സ്മാരകങ്ങൾ കത്തിയമരുന്നതിന് മുൻപ് ഈ സ്ഥിതി മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും വാൻസ് കൂട്ടിച്ചേർത്തു. ഡെമോക്രാറ്റുകൾ അമേരിക്കയിലും നടപ്പിലാക്കാൻ ആഗ്രഹിക്കുന്നത് ഇത്തരം നയങ്ങളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പണപ്പെരുപ്പത്തിനെതിരെ ശനിയാഴ്ച ഫ്രാൻസിൽ രാജ്യവ്യാപകമായി നടന്ന റാലികൾ വൻ അക്രമത്തിലും കൊള്ളയിലും തീവെപ്പിലുമാണ് കലാശിച്ചത്. സമരത്തിൽ 5,50,000 ആളുകൾ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചപ്പോൾ, 8,00,000 പേർ പങ്കെടുത്തെന്നാണ് സി.ജി.ടി ട്രേഡ് യൂണിയൻ അവകാശപ്പെടുന്നത്. അക്രമങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രാജ്യത്ത് സാഹചര്യം ഗുരുതരമായി തുടരുകയാണ്.
Trump Mocks Violent Protests in France; JD Vance Criticizes Open Immigration Policies












