
കീവ്: റഷ്യൻ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ നിർത്തിവെക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കർശന മുന്നറിയിപ്പ് തള്ളി റഷ്യയിൽ വൻ ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ. റഷ്യയിലെ പ്രമുഖ എണ്ണ സംസ്കരണ-കയറ്റുമതി കേന്ദ്രമായ സെന്റ് പീറ്റേഴ്സ്ബർഗ് ഓയിൽ ടെർമിനൽ ലക്ഷ്യമിട്ടാണ് ശനിയാഴ്ച രാത്രി യുക്രൈൻ അത്യാധുനിക എഫ്.പി-1 ഡ്രോണുകൾ ഉപയോഗിച്ച് കടുത്ത ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ ടെർമിനലിൽ വൻ തീപിടുത്തമുണ്ടായതായി വിമാനം നിർമ്മിച്ച യുക്രൈനിലെ ഫയർ പോയിന്റ് കമ്പനിയും റഷ്യൻ അധികൃതരും സ്ഥിരീകരിച്ചു.
വാർഷിക സംഭരണ ശേഷി 1.25 കോടി ടണ്ണുള്ള പ്രമുഖ എണ്ണ കേന്ദ്രത്തിന് പുറമേ, സെന്റ് പീറ്റേഴ്സ്ബർഗിലെ ‘ഓസോൺ’ ലോജിസ്റ്റിക്സ് കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് അറിയിച്ചു. രാത്രിയിൽ മാത്രം വിവിധ മേഖലകളിലായി ഉക്രൈന്റെ 1,015 ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള യുക്രൈന്റെ ആക്രമണങ്ങളെ കഴിഞ്ഞ ആഴ്ച ഡോണൾഡ് ട്രംപ് പരസ്യമായി വിമർശിക്കുകയും കടുത്ത അമർഷം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇരുരാജ്യങ്ങളും ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്തിവെക്കാൻ ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും യുക്രൈന്റെ നഗരങ്ങളെയും ഊർജ്ജ ശൃംഖലകളെയും ലക്ഷ്യമിട്ട് റഷ്യ ബോംബാക്രമണം തുടരുകയായിരുന്നു. വരും ശൈത്യകാലത്ത് രാജ്യത്തെ തകർക്കാൻ റഷ്യ ശ്രമിക്കുമ്പോൾ ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് യുക്രൈൻ സൈന്യം. സ്റ്റാർലിങ്ക് തടസ്സങ്ങളും നയതന്ത്ര വിള്ളലുകളും നിലനിൽക്കെ, റഷ്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള യുക്രൈന്റെ പ്രത്യാക്രമണം പശ്ചിമേഷ്യൻ, യൂറോപ്യൻ രാഷ്ട്രങ്ങളെ ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.















